ബാലഭാസ്‌കര്‍ ചേട്ടനെ പോലെ, അപകടം വന്നപ്പോള്‍ കൂടെനിന്നതിൽ തെറ്റൊന്നും കാണുന്നില്ല-പ്രകാശ് തമ്പി

കൊച്ചി: ബാലഭാസ്‌കർ ചേട്ടനെ പോലെ ഒരാളാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി. ചേട്ടനെ പോലെ കരുതിയ ഒരാള്‍ക്ക് അപകടം പറ്റിയപ്പോള്‍ കൂടെനില്‍ക്കുകയായിരുന്നു. അതില്‍ വലിയ തെറ്റുകാണുന്നില്ലെന്നും പ്രകാശ് തമ്പി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.

ബാലഭാസ്‌കറിന്റെ അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും അതൊരു അപകടമരണമാണെന്ന നിലപാടുമാണ് പ്രകാശന്‍ തമ്പി സ്വീകരിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി പ്രകാശ് തമ്പിയെ 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു.

ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും നന്ദു എന്ന ദൃക്‌സാക്ഷിയും പറയുന്നത് അര്‍ജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ്. എന്നാല്‍ മറ്റൊരു ദൃക്‌സാക്ഷിയായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അജി പറഞ്ഞത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും രഹസ്യമൊഴി എടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.