കന്യാസ്ത്രീകളെ പുരോഹിതര്‍ ലൈംഗിക അടിമകളാക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് പോപ്പ് ഫ്രാന്‍സിസ്

യുഎഇ: കന്യാസ്ത്രീകളെ പുരോഹിതര്‍ ലൈംഗിക അടിമകളാക്കാറുണ്ട് എന്ന് ആദ്യമായി തുറന്നു പറഞ്ഞ് പോപ്പ് ഫ്രാന്‍സിസ്. യുഎഇ ൽ നടന്ന ഒരു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചില വാദഗതികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി കൂടുതല്‍ കാര്യങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

വൈദികരുടേയും ബിഷപ്പുമാരുടേയും ലൈംഗികാതിക്രമങ്ങക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിവരുമെന്ന് പരസ്യമായിട്ടാണ് മാര്‍പാപ്പ സമ്മതിച്ചത്. ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഉണ്ടാകുന്നത് എങ്കിലും ഇത് ഏതെങ്കിലും ഒരുഭാഗത്ത് മാത്രമൊതുങ്ങുന്നതല്ല എന്നും വാദമുഖങ്ങളുയര്‍ന്നു.

എല്ലാവരും അങ്ങനെയാണെന്നല്ല, എന്നാല്‍ ചില വൈദികരും ബിഷപ്പുമാരും അങ്ങനെയാണ്. അത് തുടരുകയും ചെയ്യുന്നു. കുറച്ചേറെ സമയമെടുത്ത് നമുക്ക് അതിനെതിരായി പൊരുതേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം യുഎഇയില്‍ എത്തിയ പോപ്പ് ഫ്രാന്‍സിസിന് ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടുംകൂടിയായിരുന്നു സ്വീകരണം. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കാനും പോപ്പിന് പദ്ധതിയുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന് താത്പര്യമില്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല. മാര്‍പാപ്പ ഒരു രാഷ്ട്രത്തലവനായതിനാല്‍ മറ്റൊരു രാജ്യം ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമേ അവിടം സന്ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ.