17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ; 4 വർഷങ്ങൾക്ക് ശേഷം രമ്യ; ദൃശ്യ വിരുന്നിൽ ‘വൈറസ്’

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ‘വൈറസ്.’ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വൈറസി’ന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. പൂർണിമയ്ക്കു മാത്രമല്ല രമ്യ നമ്പീശനും ‘വൈറസ്’ സിനിമ മലയാളത്തിലേയ്ക്കൊരു തിരിച്ചുവരവാണ്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രമ്യയുടെ തിരിച്ചുവരവ്.

കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസാണ് ചിത്രത്തിന്റെ പ്രമേയം. മന്ത്രി കെ.കെ. ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും നഴ്സ് ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു.

മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും രമ്യ നമ്പീശൻ അഭിനയിക്കുന്നുണ്ടായിരുന്നു. 2015–ൽ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു താരം ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ആഷിഖ് അബുവും റിമയും ഫോണിലൂടെയാണ് വൈറസ് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് തന്നോടു പറയുന്നതെന്ന് രമ്യ പറയുന്നു. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലായത്. നിപ്പ വൈറസിനെ പോരാടിയവർക്കും ജീവൻ നൽകിയവർക്കും ആദരസൂചകമായി ചെയ്യുന്ന ചിത്രമാണ് വൈറസ് എന്നും രമ്യ പറഞ്ഞു.

ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കെ.എല്‍. സരിത, കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.