പൂമരം പതിനഞ്ചിന്, റിലീസ് ആവാതെ വിശ്വസിക്കില്ലെന്ന് ട്രോളന്‍മാര്‍

കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ച ആരാധകർക്ക് മുമ്പിലേക്ക് ഒടുവിൽ കാളിദാസ് ജയറാം ചിത്രം പൂമരം വരുന്നു. മാർച്ച് പതിനഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഒപ്പം പൂമരത്തിന്റെ സെൻസറിംഗ് സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. ക്ളീൻ യു സർട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസിംഗ് തീയതി മാർച്ച് ഒമ്പതിന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്‌ക്കുകയായിരുന്നു. അതിനാൽ തന്നെ ചിത്രം റിലീസ് ആവാതെ വിശ്വസിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.

ഗാനം റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും ചിത്രം റിലീസാകാത്തതിനെ തുടർന്ന് ട്രോളുകളുടെ പെരുമഴയിൽ നനഞ്ഞ് കുതിരുകയായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ. തുടർന്നായിരുന്നു മാർച്ച് ഒമ്പതിന് റിലീസ് തീയതി നിശ്‌ചയിച്ചു കൊണ്ടുള്ള കാളിദാസിന്റെ പോസ്‌റ്റ്. എന്നാൽ പിന്നീട് വീണ്ടും ചിത്രത്തിന്റെ റിലീസ് വൈകുമെന്ന വാർത്ത കാളിദാസ് പങ്കുവയ്‌ക്കുകയായിരുന്നു.