വാടിയ കഥയുമായി പൂമരം പൂത്തു; പൂമരം സിനിമ റിവ്യു


കാത്തിരിപ്പിനൊടുവില്‍ പൂമരം തിയേറ്ററുകളില്‍ എത്തി. 2016 സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങിയ പൂമരം നിരവധിതവണ റിലീസ് മാറ്റിവെച്ച ശേഷമാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ക്യാമ്പസ് ചിത്രങ്ങളെല്ലാംതന്നെ എന്‍ജിനീയറിംഗ് പശ്ചാത്തലത്തിലുള്ളതായിരുന്നെങ്കില്‍ പൂമരം പറയുന്നത് ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥികളുടെ കഥയാണ്.

ഒരുസര്‍വ്വകലാശാല യുവജനോത്സവവും അതിനുവേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ തയ്യാറാടെപ്പുകളിലൂടെ തുടങ്ങുന്ന ചിത്രം. മഹാരാജാസ്, സെന്റ് ട്രീസാസ് എന്നീ കോളജുകളുടെ കിരീടത്തിനുവേണ്ടിയുള്ള പോരാട്ടത്തിലൂടെ പുരോഗമിക്കുന്നു.

കാളിദാസിന്റെ നായകനായുള്ള മലയാളത്തിലെ അരങ്ങേറ്റം നന്നായി. പാടി അഭിനയിക്കുന്ന രംഗങ്ങളില്‍ വളരെയധികം മികവ് പുലര്‍ത്തി കാളിദാസ്. സെന്റ് ട്രീസാസ് കോളജ് ചെയര്‍പേഴ്‌സണായി അഭിനയിച്ച പെണ്‍കുട്ടിയും കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനും ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ എല്ലാപേരും നല്ല പ്രകടനം കാഴ്ച്ചവെച്ചു.

ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത സംഗീതവിഭാഗമാണ്. പത്തോളം പാട്ടുകള്‍ ചിത്രത്തിലുണ്ട്. കെ.എസ്. ചിത്ര പാടിയ പ്രണയഗാനം ഹൃദ്യമായ അനുഭവമായി.

ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്റെ ആഖ്യാനം പലപ്പോഴും വിരസത ഉളവാക്കുന്നുണ്ട്. സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ഒരു രസച്ചരടിന്റെ അഭാവം ചിത്രത്തില്‍ ഉടനീളം അനുഭവപ്പെട്ടു. ചിത്രം കൂടുതല്‍ റിയലിസ്റ്റിക്കാക്കാനുള്ള അനാവശ്യമായ ശ്രമം മുഴച്ചുനിന്നു. രണ്ടാംപകുതിയിലെ ഒരു ദൈര്‍ഖ്യമേറിയ പോലീസ് സ്‌റ്റേഷന്‍ രംഗം ആക്ഷന്‍ ഹീറോ ബിജുവിനെ അനുസ്മരിപ്പിച്ചു.

അത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ സ്വതവേ അയഞ്ഞ കഥാഗതിയെ കൂടുതല്‍ വിരസതയിലേക്ക് തള്ളിവിടുന്നുണ്ട്. കല എന്നത് മത്സരത്തിലുപരി സമൂഹത്തിന് നന്‍മ പകരുന്ന ഒന്നാകണം എന്ന് പറയാതെ പറയുകയാണ് ചിത്രം. യുവജനോത്സവത്തിന്റെ വേദിയിലോ സദസ്സിലോ ഇരിന്നിട്ടുള്ളവര്‍ക്ക് ഒരുതവണ ആസ്വദിക്കാവുന്ന ചിത്രമാണ് പൂമരം.