തൃപ്തിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയെത്തുടര്‍ന്ന് മല കയാറാനെത്തുമെന്ന് അറിയിച്ച തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നല്‍കി സുരക്ഷ ഒരുക്കില്ലെന്ന് കേരള പോലീസ്. എന്നാല്‍ മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ജനുവരി 22ന് തുറന്ന കോടതിയില്‍ ശബരിമല വിഷയം പരിഗണിക്കാനിരിക്കെയാണ് മണ്ഡലകാലത്ത് തന്നെ മല ചവിട്ടാനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് നംവബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് അറിയിച്ചത്. ദര്‍ശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ശബരിമലയില്‍ എത്തിയാല്‍ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ സുരക്ഷ ഒരുക്കണമെന്നും അവര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

മനിഷ രാഹുല്‍ (42), മീനാക്ഷി ഷിന്‍ ഡേ (46), സ്വാതി (44), സവിത (29), സംഗീത (42), ലക്ഷ്മി (43) എന്നിവരാണ് തൃപ്തിക്കൊപ്പം മല ചവിട്ടുക.