രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റിയ സംഭവം; പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അമര്‍ഷം

 

കോഴിക്കോട്: രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റിയതിനെ തുടര്‍ന്ന് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അമര്‍ഷം. കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് നിറം മാറ്റിയതിനെ വിമര്‍ശിച്ചത്. നിറം മാറ്റിയതിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ഏത് സാഹചര്യത്തിലാണ് ചുവപ്പിനൊപ്പം നീലനിറം ചേര്‍ത്തതെന്ന ചോദ്യത്തിന് നേതൃത്വം നല്‍കിയ വിശദീകരണത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. നിയന്ത്രണങ്ങളില്‍ ഉന്നത ഇടപെടലില്ലെന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വിശദീകരണമാണ് അസോസിയേഷന്‍ നേതൃത്വം ആവര്‍ത്തിച്ചത്.മാധ്യമങ്ങള്‍ക്കെതിരെയും കോഴിക്കോട് ഇരിങ്ങലില്‍ നടക്കുന്ന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രക്തസാക്ഷി അനുസ്മരണവും,മുദ്രവാക്യം വിളിയും വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സമ്മേളനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നോ നിറംമാറ്റമെന്ന ചോദ്യത്തോട് നേതൃത്വം പ്രതികരിച്ചില്ല. സംഘടനയില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അസോസിയേഷന്‍ തള്ളി. റിപ്പോര്‍ട്ടിന്മേല്‍ ആര് അന്വേഷണം നടത്താനാണെന്ന ചോദ്യവും ഉയര്‍ന്നു. പോലീസിനെ മാധ്യമങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയാണെന്നും പരാതി ഉയര്‍ന്നു. പോലീസിനെ കുറിച്ച് മോശം പറഞ്ഞാല്‍ ജനങ്ങളുടെ കൈയടി വാങ്ങാമെന്നാണ് മാധ്യമങ്ങളുടെ ധാരണ. പോലീസിന് സംരക്ഷണം ലഭിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചര്‍ച്ച ഇന്നും തുടരും.