ഷുഹൈബിനെ കൊലപ്പെടുത്തിയവരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്, രണ്ടുദിവസത്തിനകം അറസ്റ്റുണ്ടാകും

നാടിനെ നടുക്കിയ രാഷ്ട്രീയ കൊലപാതകത്തിൽ നിർണ്ണായക തെളിവ്. ദിവസങ്ങൾക്ക് മുൻപ് മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികൾ രണ്ടുദിവസത്തിനകം അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

എസ് പി എല്ലാ ദിവസവും രാവിലെ മുതൽ മട്ടന്നൂരിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊല നടന്ന തെരൂരും പരിസരങ്ങളിലുമുള്ള പത്തോളം സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് നിഗമനത്തിലെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ റൂട്ടിലെ സ്ഥാപനങ്ങളിലെ സിസിടിവികളാണ് പരിശോധിച്ചത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിയതായും സൂചനയുണ്ട്.

എന്നാൽ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷി മൊഴികളിൽ തന്നെ വ്യക്തമാണ്. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ഷുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.

സംഭവ സമയം ശുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം ജീവനക്കാരോ, സമീപവാസികളോ കൊലയാളിസംഘത്തിനു ചോര്‍ത്തിനല്‍കിയതെന്ന് പോലീസ് സംശയിക്കുന്നു. അക്രമികളുടെ നിരീക്ഷണത്തിലായിരുന്നു നേതാവെന്നും സൂചനയുണ്ട്. വാട്സാപ്പ് വഴിയാണ്‌ സന്ദേശം കൈമാറിയതെന്നും പോലീസിന് സൂചനയുണ്ട്. തെരൂറിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ മട്ടന്നൂര്‍ഭാഗത്തു നിന്നെത്തിയ ഫോര്‍ രജിസ്ട്രേഷന്‍ വെള്ള വാഗണാറില്‍ മുഖംമുടി ധരിച്ചെത്തിയ നാലംഗ സംഘമാണ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ശുഹൈബിനെ കൊലപ്പെടുത്തിയത്.

കൊലയാളിസംഘം മുഖംമൂടി ധരിച്ചതും നമ്പർ ഇല്ലാത്ത കാര്‍ ഉപയോഗിച്ചതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. എടയന്നൂര്‍ തെരൂറിലെ സുഹൃത്തിന്റെ ചായക്കടയില്‍നിന്ന ഷുഹൈബിനെ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അരയ്ക്ക് താഴേക്ക് 37 വെട്ടുകളാണു ശരീരത്തിലേറ്റത്. ഷുഹൈബിനെ ലക്ഷ്യംവച്ച്‌ മാത്രമാണു കൊലയാളി സംഘം എത്തിയത്. ഒരു തൊഴിലാളി യൂണിയന്‍ പ്രാദേശികനേതാവിന്റെ അറിവോടെയാണു കൊലപാതകം ആസൂത്രണം ചെയ്തതതെന്നു പോലീസ് സംശയിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴി രക്തം വാര്‍ന്നായിരുന്നു മരണം.

രാത്രി വൈകിയതിനാല്‍ തട്ടുകടയില്‍ ഷുെഹെബും സുഹൃത്തുക്കളും മൂന്നു ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. അക്രമം നടക്കുമ്ബോള്‍ രണ്ടുജീവനക്കാര്‍ കടയിലെ മാലിന്യം കളയാന്‍ പോയെന്നും ഒരാള്‍ ബാത്ത്റൂമിലായിരുന്നു എന്നുമാണു പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ബോംബ് സ്ഫോടനം കേട്ട് ജീവനക്കാര്‍ ഓടിയെത്തുമ്പോൾ വെട്ടേറ്റു നിലത്തുവീണ ഷുഹൈബിനെയാണ് കണ്ടത്. എന്നാല്‍, അടുത്തേക്കു പോകാന്‍ കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്.

എസ്.പിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മട്ടന്നൂർ സി.ഐയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം 15 അംഗ സംഘമാക്കി ഇന്നലെ വിപുലീകരിച്ചിരുന്നു.

കേസിൽ അറസ്റ്റുണ്ടാകാത്തതിനെ തുടർന്ന് കോൺഗ്രസ് സമരം ശക്തമാക്കാനിരിക്കുകയാണ്. തിങ്കളാഴ്ച കെ. സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.യു ഇന്ന് മട്ടന്നൂർ സി.ഐ ഓഫീസിന് മുന്നിൽ സമരം നടത്തിവരികയാണ്.