ദിലീപ് നടിയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുന്നു; എതിര്‍ സത്യവാങ്മൂലവുമായി പോലീസ്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടന്‍ ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടുമായി അന്വേഷണ സംഘം കോടതിയില്‍. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നും പോലീസ് വ്യക്തമാക്കി. മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശമുള്ളത്.

കേസിലെ 254 രേഖകള്‍ ചട്ടപ്രകാരം കിട്ടാനുണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ പകര്‍പ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ മോശക്കാരിയാക്കാന്‍ ദിലീപിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായെന്നും പോലീസ് പറയുന്നു.