എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്റിനല്‍ സര്‍വയ്ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.
നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.
മാര്‍ച്ച് മാസം തൊട്ട് നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേനയും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് തുടര്‍ച്ചയായ ഈ പ്രവര്‍ത്തനത്തിനിടെ ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിവിധസ്ഥലങ്ങളില്‍ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍പോട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടില്‍ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.
റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് കണ്ടിട്ടുണ്ട്. കൂടുതല്‍ റിസ്‌കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.