യുവമോര്‍ച്ച മാര്‍ച്ചില്‍ പോലീസ് നരനായാട്ട്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച രാത്രി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് നരനായാട്ട്. യുവമോര്‍ച്ചയുടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് നടപടിയില്‍ പരിക്കുപറ്റി.
യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഇന്നലെ രാവിലെ 12 മണിയോടെയാണ് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് ആരംഭിച്ചത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ ക്യഷ്ണയുടെ നേത്യത്വത്തില്‍ നൂറുകണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലേയ്ക്ക് എത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടേറിയറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് യാതൊരു മുന്നറിയിപ്പും കൂടാതെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ പ്രവര്‍ത്തകര ആശുപത്രിയയിലേയ്ക്ക് മാറ്റാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നേതാക്കള്‍ എംജി റോഡില്‍ കുത്തിയിരുന്നു.
പരിക്കുപറ്റിയ പ്രവര്‍ത്തകരെ പോലീസ് ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെ വീണ്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടേറിയറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. ഏഴ് പ്രാവശ്യം പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്‍മാറിയില്ല. തുടര്‍ന്ന് പോലീസ് നാലു തവണ കണ്ണീര്‍വാതകവും രണ്ട് തവണ ഗ്രനേഡും പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി.
സംഘര്‍ഷം അറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേത്യത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തി മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കുംവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്നാണ് രണ്ട് മണിക്കൂര്‍ നേരെ യുദ്ധക്കളമായ സെക്രട്ടേറിയറ്റ് പരിസരത്തെ സംഘര്‍ഷത്തിന് അല്‍പ്പം അയവുവന്നത്.
മന്ത്രി കെ.ടി ജലീലിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മന്ത്രിയുടെ ഔേദ്യാഗിക വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിക്കണം. സിപിഎം കേന്ദ്ര സംസ്ഥാന നേതാക്കള്‍ സ്വര്‍ണ്ണക്കളളക്കടത്തിന്റെ പങ്ക് പറ്റുന്നവരായത് കൊണ്ടാണ് പാര്‍ട്ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
പോലീസിന്റെ നരനായാട്ടില്‍ നഗരൂര്‍ വിമേഷ്, അരവിന്ദ്, അഭിലാഷ്, മനു കൃഷ്ണന്‍ തമ്പി, വിഷ്ണു, നന്ദു, വിവേക്, ആകാശ്, അഖില്‍, ശിവകുമാര്‍, അജി തുടങ്ങിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കാണ് പരിക്കുപറ്റിയത്. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് കരിപ്പൂര്‍ സജിയെ പോലീസ് അറസ്റ്റും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ജില്ലാ നേതാക്കളായ ബി.എല്‍. അജേഷ്, അനുരാജ്, ചന്ദ്രകിരണ്‍, ആര്‍. സജിത്ത്, പാപ്പനംകോട് നന്ദു, അഭിജിത്ത്, ഉണ്ണിക്കണ്ണന്‍, ആനന്ദ്, രമേശ്വരം ഹരി, ആശാനാഥ്, അനന്തു തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.