പൊലീസിന് അധികാരംതന്നെയാണ് കൊടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് മേഖലകളില്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്ന ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാര്‍ക്കറ്റ്, തുറമുഖം എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൊലീസിന് അധികാരം തന്നെയാണ് കൊടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെന്‍ ലംഘിച്ച നാലു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കടലാക്രമണം

കടലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യം നല്‍കി ആരംഭിക്കും. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ധനകാര്യം, ഫിഷറീസ്, ജലവിഭവം എന്നീ വകുപ്പുകള്‍ കൂട്ടായി ചര്‍ച്ച ചെയ്യും.

നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. നിലവില്‍ അനുമതി നല്‍കിയ പ്രവൃത്തികളില്‍ തുടര്‍ നടപടി ഉടന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കടലാക്രമണം തടയാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. തീരദേശ ജില്ലകള്‍ക്ക് അടിയന്തര പ്രവൃത്തികള്‍ക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിരുന്നു. പൊന്നാനിയില്‍ സമ്പൂര്‍ണ കടല്‍ ഭിത്തി നിര്‍മാണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുമുഖം റോഡ് സംരക്ഷിക്കും.

കാലാവസ്ഥ

മഴ കനക്കുകയാണ്. കേന്ദ്ര കലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് വരുന്ന നാലു ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയുടെ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാഭരണ സംവിധാനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കും. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറംജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്.

പ്രവചനാതീതമായ ഈ സാഹചര്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണേണ്ടതാണ്. ജില്ലാതല പ്രവചനമായതിനാല്‍ തങ്ങളുടെ പ്രദേശത്ത് നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതി നാട്ടിലുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് വിടുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.

മണിമലയാറില്‍ മാത്രമാണ് വാണിങ് ലെവലിനോട് അടുത്തുള്ള ജലനിരപ്പ് ഉള്ളത്. എങ്കിലും നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്. കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ വീണും പോസ്റ്റുകള്‍ വീണും അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് സമീപം കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാനും പാടില്ല. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം.

സിവില്‍ സര്‍വീസ് ഫലം

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തില്‍ നിന്നും 50ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. അതില്‍ തന്നെ ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. വിജയികളായ എല്ലാവര്‍ക്കും സ്ത്യുതര്‍ഹമായ രീതിയില്‍ ജനസേവനം ചെയ്യാന്‍ കഴിയട്ടെ എന്നും നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.