മുങ്ങിയ സൂരജിനെ പിടികൂടിയത് പൊലീസിന്റെ സമര്‍ഥമായ നീക്കത്തിലൂടെ

അഞ്ചല്‍: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ് ഒളിവില്‍ പോയതിനെത്തുടര്‍ന്ന് സഹോദരിയുടെ മൊബൈലിലേക്ക് വന്ന കാളുകള്‍ സൈബര്‍സെല്‍വഴി ട്രേസ് ചെയ്താണ് പൊലീസ് ഒളിസങ്കേതത്തിലെത്തിയതും അറസ്റ്റുചെയ്തതും. പ്രതിയെ പിടികൂടാന്‍ പോലീസ് നന്നായി പണിയെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഷാഡോ പോലീസ് പറക്കോട് ആദ്യമായി സൂരജിനെ തേടിയെത്തുന്നത്. പാമ്പുപിടിത്തക്കാരന്‍ സുരേഷിനെയാണ് ആദ്യം അറസ്റ്റുചെയ്തത്. താനാണ് പാമ്പിനെ നല്‍കിയതെന്ന് അയാള്‍ സമ്മതിച്ചതോടെ സൂരജിനെ ചോദ്യം ചെയ്യാതെ വയ്യെന്നായി.
അങ്ങനെ പൊലീസ് സൂരജിന്റെ വീട്ടിലെത്തിയപ്പോള്‍ അഭിഭാഷകനെ കാണാന്‍ സൂരജ് പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. കൊല്ലം റൂറല്‍ എസ്.പി.ക്ക് സൂരജ്തന്നെ കൊടുത്ത ഒരു പരാതിയില്‍ അന്വേഷണത്തിന് വന്നതാണെന്നാണ് പോലീസ് വീട്ടുകാരെ ധരിപ്പിച്ചു. ഉത്രയുടെ വീട്ടുകാര്‍ക്കെതിരേ സൂരജും പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് വീട്ടില്‍നില്‍ക്കെ സൂരജ് വീടിനുസമീപത്ത് കാറിലെത്തി. പോലീസ് ജീപ്പ് റോഡില്‍ കിടക്കുന്നത് കണ്ട് പന്തികേട് തോന്നി വീട്ടില്‍ കയറാതെ പോയി. ഫോണും സ്വിച്ച് ഓഫ് ചെയ്തു. മറ്റൊരു സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ചെന്നുകയറിയത്.
ഈ കൂട്ടുകാരന്‍ സൂരജിന്റെ സഹോദരിയുടെ അടൂര്‍ പെരിങ്ങനാടുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. യാത്ര ബൈക്കിലായിരുന്നു. പോലീസ് സൂരജിനെ പല തവണ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായതോടെ കടന്നുകളഞ്ഞതായി മനസ്സിലായി. രാത്രി 7.30ന് സൂരജിനൊപ്പം യാത്രചെയ്ത സുഹൃത്തുക്കളെ കണ്ടെത്തി. ബൈക്കില്‍ കൊണ്ടുവിട്ട സുഹൃത്തിനെകൂടി കണ്ടെത്തിയതോടെ സൂരജ് ഒളിച്ചിരിക്കുന്ന സ്ഥലത്തെപ്പറ്റി വിവരം ലഭിച്ചു. പക്ഷേ, ഈ വിവരമറിഞ്ഞ് സൂരജ് മറ്റൊരിടത്തേക്കു മാറി.
ഇതിനിടെ, സഹോദരിയുടെ ഫോണ്‍ നമ്പര്‍ പോലീസ് കണ്ടുപിടിച്ചു. ഈ നമ്പറില്‍നിന്ന് സന്ദേശങ്ങള്‍ പോയത് സൈബര്‍ സെല്‍ വഴി മനസ്സിലാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂരജ് ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കിയെത്തി പിടികൂടുകയായിരുന്നു.