ക്വാറന്റീന്‍ കര്‍ശനമാക്കും, നിരീക്ഷിക്കാന്‍ പൊലീസും സന്നദ്ധസേവകരും

തിരുവനന്തപുരം: പുറത്തു നിന്ന് ആളുകള്‍ വരികയും ഇളവുകളോടെ നാട് ചലിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ന് രാവിലെ ജില്ലാ കലക്ടര്‍മാര്‍, ജില്ലാപൊലീസ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. രോഗവ്യാപനം തടയുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഇതുവരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. എല്ലാ ജില്ലകളിലും നല്ല ഏകോപനത്തോടെ കാര്യങ്ങള്‍ നടന്നു. അതിന് നല്ല ഫലവുമുണ്ടായി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരെയും സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.
കോവിഡ് 19ന് മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ പ്രയാസം തുടരുകയാണ്. ഇന്നത്തെ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നാം മുന്നോട്ടുപോകണം. കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. മാത്രമല്ല, കൂടുതല്‍ കര്‍ക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുക.
പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടത് നാടിന്റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുത്.
ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടെയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. വാര്‍ഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്‍സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളന്റിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. സമൂഹത്തിന്റെ രക്ഷയ്ക്ക് അത്തരം ഇടപെടലുകള്‍ ആവശ്യമാണ്.
ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ ഉദ്ദേശിച്ച രീതിയില്‍ സജീവമല്ലെന്ന പ്രശ്‌നമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത് തല സമിതികള്‍ ഫലപ്രദമായി ഇടപെടണം. രോഗം സമ്പര്‍ക്കത്തിലൂടെ പടരുന്നത് തടയുക എന്നതാണ് ഇനി നമ്മുടെ മുന്‍പിലുള്ള പ്രധാന കടമ. പുറത്തു നിന്നും വരുന്ന ചിലരില്‍ രോഗം ഉണ്ടാവും എന്ന് നമുക്കറിയാം. എന്നാല്‍, മറ്റുള്ളവരിലേയ്ക്ക് അത് പടരാതിരിക്കാന്‍ നാടാകെ ഒന്നിച്ചുനില്‍ക്കണം. പഞ്ചായത്ത് തല സമിതികളുടെ പ്രവര്‍ത്തനം ജില്ലാതല സമിതികള്‍ തുടര്‍ച്ചയായി പരിശോധിക്കണം.
പ്രശ്‌നങ്ങളോ പോരായ്മകളോ ഉള്ള സ്ഥലങ്ങളില്‍ ജില്ലാതല സമിതികള്‍ ഇടപെടണം. ജില്ലയിലെ പഞ്ചായത്തുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ മുഖ്യമായും രംഗത്തുള്ളത്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും.
പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങാനാണ് തീരുമാനം. അതിന് ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരേയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തന സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് ഉണ്ടാവും. അത് ഡി.എം.ഒ. തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കണം. രോഗിയെ ഡോക്ടര്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.
മഴക്കാലത്തിനു മുന്‍പേ മഴ തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ വരാനിടയുണ്ട്. അതുകൊണ്ട് പരിസരമെല്ലാം ശുചിയായിരിക്കണം. കൊതുക് വളരാനുള്ള സാഹചര്യം അനുവദിക്കരുത്. മാലിന്യ നിര്‍മാര്‍ജനം ഏറ്റവും പ്രധാനമാണ്. നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതിനായി ഇതുവരെ 11.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കി തുക അനുവദിക്കും.