പാകിസ്താന്റെ മുകളിലൂടെ മോദി പറക്കില്ല; പകരം പറക്കുക മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കുമുകളിലൂടെ

ന്യൂഡല്‍ഹി: പാകിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെ കിര്‍ഗിസ്ഥാനിലേയ്ക്ക് യാത്രചെയ്യാന്‍ തീരുമാനം. ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലേയ്ക്കുള്ള യാത്രയ്ക്കാണ് പാകിസ്താനു മുകളിലൂടെ പറക്കുന്നതിനു പകരം ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മോദിയുടെ യാത്രയ്ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം.

ജൂണ്‍ 13, 14 തീയതികളിലാണ് പ്രധാനമന്ത്രി വിവിഐപി വിമാനത്തില്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നത്. പാകിസ്താന്‍ വഴി യാത്ര ചെയ്യുമ്പോള്‍ എട്ടു മണിക്കൂറിനു പകരം നാലു മണിക്കൂര്‍ കൊണ്ട് കിര്‍ഗിസ്ഥാനില്‍ എത്തിച്ചേരാന്‍ കഴിയും. മോദിയുടെ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ‘തത്വത്തില്‍ അനുമതി നല്‍കിയ’തായി കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമപാത ഒഴിവാക്കുകയാണെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിച്ച് ബിഷ്‌കെക്കിലേയ്ക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ 11 വ്യോമപാതകളിൽ‌ 9 എണ്ണവും താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാൻ പാക്ക് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. വിദേശകാര്യ മന്ത്രാലത്തിന്റെ അവശ്യപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ നടപടി. എന്നാൽ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു.

ബുധനാഴ്ചയാണ് മോദി ബിഷ്‌കെക്കിലേയ്ക്ക് തിരിക്കുന്നത്. ഷ്ങ്ഹായ് ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയ്ക്കിടയില്‍ ഇമ്രാന്‍ ഖാനുമായുള്ള ഉഭയകക്ഷിച ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്നു കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.