കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

കൂട്ടുകാരിയുടെ വീട്ടില്‍ പരീക്ഷയുടെ തലേദിവസം കമ്പയിന്‍ഡ് സ്റ്റഡിക്കെത്തിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഴ നെടുംമനാല്‍ അജിതയുടെ മകന്‍ അനന്തു എന്ന പതിനാറുവയസ്സുകാരനാണ് കഴിഞ്ഞദിവസം മരിച്ചത്.

പത്തനംതിട്ട കതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അനന്തു, ചൊവ്വാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് തലേദിവസം കൂട്ടുകാരിയുടെ വീട്ടിൽ പോയത്. തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ അനന്തു കുഴഞ്ഞുവീണെന്നാണ് വിവരം. അതേസമയം, കൂട്ടുകാരിയുടെ വീടിന് സമീപത്തെ വഴിയരികിൽ അനന്തുവിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പറയുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെടുംമനാൽ തേക്കുനിൽക്കുന്നതിൽ അജിതയുടെ മകനും പത്തനംതിട്ട കതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അനന്തു തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സ്വന്തം വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത്. തുടർന്ന് രാവിലെ 10.30ന് അമ്മയെ ഫോണിൽ വിളിച്ചിരുന്നു. പരീക്ഷയായതിനാൽ കൂട്ടുകാരന്റെ വീട്ടിൽ നിൽക്കുകയാണെന്നാണ് അനന്തു അമ്മയോട് പറഞ്ഞത്. എന്നാൽ ഇതിനുശേഷം അനന്തു ആരെയും വിളിച്ചിട്ടില്ല. പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ അനന്തുവിന് ചൊവ്വാഴ്ച വാർഷിക പരീക്ഷ ആരംഭിക്കാനിരിക്കുകയായിരുന്നു. അതിനാൽ കൂട്ടുകാരന്റെ വീട്ടിൽ പോയി പഠിക്കുകയാകുമെന്നാണ് അമ്മയും ബന്ധുക്കളും കരുതിയത്.

കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് അനന്തു സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയെന്നാണ് ചിലർ പറയുന്നത്. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അനന്തു സ്കൂളിലെ സയൻസ് ബാച്ച് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയത്. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയും കൂട്ടുകാരിയുമായ പെൺകുട്ടിയുടെ വീട്ടിലെത്തി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അനന്തു കുഴഞ്ഞുവീണെന്നാണ് വിവരം. പരിഭ്രാന്തിയിലായ പെൺകുട്ടി വീടിനടുത്തുള്ള ഓട്ടോ ഡ്രൈവറോടും വഴിയിലൂടെ വന്ന മറ്റൊരു ഓട്ടോ ഡ്രൈവറോടും വിവരം പറഞ്ഞു. തുടർന്ന് ഇവരെല്ലാം ചേർന്നാണ് അനന്തുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അനന്തു മരണപ്പെട്ടിരുന്നു.

മാധ്യമം ദിനപ്പത്രമടക്കുള്ള ചില പത്രങ്ങളാണ് അനന്തു പെൺകുട്ടിയുടെ വീട്ടിൽ വച്ച് കുഴഞ്ഞുവീണതാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പെൺകുട്ടിയുടെ വീട്ടിലല്ല, സമീപത്തെ റോഡരികിലാണ് അനന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നും പറയുന്നുണ്ട്. ഇക്കാര്യവും മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടിന് തൊട്ടടുത്ത മൈലാടുംപാറ താഴം വാർഡിലെ തൊണ്ടിയാനിക്കുഴി റോഡരികിലാണ് അനന്തുവിന്റെ മൃതദേഹം കാണപ്പെട്ടതെന്നാണ് ചിലർ പറയുന്നത്. റോഡരികിൽ ചലനമറ്റ് കിടന്നിരുന്ന അനന്തുവിനെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറയുന്നു. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ഇവിടെ വച്ചാണ് പോസ്റ്റ്മോർട്ടം ചെയ്യുക. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണസമയം, മരണകാരണം എന്നിവ സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, അനന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് വിരലടയാള വിദഗ്ദരും ഫോറൻസിക് സംഘവും പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ടോടെ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അനന്തുവിന്റെ മൃതദേഹത്തിലും മുറിവുകളോ പാടുകളോ ബലംപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്താനായില്ലെന്ന് പോലീസും പറഞ്ഞു. അതിനിടെ, സ്കൂളിലെ ഒരു പെൺകുട്ടിയുമായി അനന്തു പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അനന്തുവിന്റെ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കഴിഞ്ഞദിവസം ചിലരിൽ നിന്നെല്ലാം മൊഴിയെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞ് റിപ്പോർട്ട് ലഭിച്ചാൽ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.