രാജീവ് ഗാന്ധി മോഡലില്‍ മോദിയെ വധിക്കാന്‍ പദ്ധതി; പിന്നില്‍ മാവോയിസ്റ്റുകള്‍?

പുനെ: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പുനെ പോലീസിന്റെ വെളിപ്പെടുത്തല്‍. ഇന്നലെയാണ് കോടതിയില്‍ പോലീസ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വെളിവാക്കുന്ന കത്ത് പോലീസിന് ലഭിച്ചു എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെടുത്തുന്ന കത്ത് കണ്ടു കിട്ടിയത്. മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളിലായുള്ള ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ടബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റോണ വില്‍സണിന്റെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് കത്ത് കണ്ടെടുത്തത്. M4 റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുള്ളതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃകയില്‍ മറ്റൊരു വധത്തെ കുറിച്ചും കത്തില്‍ സൂചനയുണ്ടെന്ന് പോലീസ് പറയുന്നു. എല്‍ഗര്‍ പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റും സാമ്പത്തികമായ സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് പോലീസ് പറയുന്നത്. പുനെയിലെ ശനിവര്‍വാഡയില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയാണ് എല്‍ഗര്‍ പരിഷത്ത്.കോറിഗാവ് ഭീമ പരിപാടിയില്‍ പങ്കാളികളായവരെ അഭിനന്ദിക്കുന്ന വരികളും കത്തിലുണ്ട്. കൊറിഗാവ് ഭീമ പദ്ധതിക്കായി സുധീറിനെയും ഭാവി പരിപാടികള്‍ക്കായി ഷോമയെയും സുരേന്ദ്രയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഭീമ കോറിഗാവ് പ്രതിഷേധം കെട്ടടങ്ങിയെന്നും അതിന്റെ തീ കെട്ടടങ്ങാതിരിക്കാന്‍ കേഡര്‍മാര്‍ പ്രയത്നിക്കണമെന്നും വില്‍സണ് പ്രകാശ് എഴുതിയ മറ്റൊരു കത്തില്‍ പറയുന്നു.

ഭീമ കോറിഗാവ് കലാപത്തിന് ഇവര്‍ക്കും മാവോയിസ്റ്റുകള്‍ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കത്തുകളെന്നും പോലീസ് പറയുന്നു ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥികളെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന സംഘടനയ്ക്ക് വേണ്ടി കണ്ടെത്തണമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പവാര്‍ അറിയിച്ചു. എന്നാല്‍ കുറ്റാരോപിതരെ കേസില്‍ കുടുക്കിയതാണെന്നും കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് പ്രതിഭാഗത്തിന്റെ ആരോപണം ഗഡ്ചിരോളിയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് ഗാഡ്ലിങ്ങുമായി പരോക്ഷ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് നാഗ്പുരിലെ ഗാഡ്ലിങ്ങിന്റെ വീട്ടില്‍ നിന്ന് ലഭിച്ച കത്ത് വെളിവാക്കുന്നതെന്നാണ് പോലീസ് വാദം. എല്‍ഗര്‍ പരിഷത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് ധവാലെ. 200 വര്‍ഷം മുമ്പ് ഡിസംബര്‍ 31നുണ്ടായ ഭീമ കോറിഗോണ്‍ യുദ്ധത്തിന്റെ സ്മരണ പുതുക്കാനാണ് എല്‍ഗര്‍ പരിഷത്ത് സംഘചിപ്പിച്ചത്. എന്നാല്‍ കബീര്‍ കാലാ മഞ്ച് ആക്ടിവിസ്റ്റുകള്‍ എല്‍ഗര്‍ പരിഷത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്നും പിന്നീട് അടുത്ത ദിവസം ഭീമ കോറിഗോണില്‍ ഉണ്ടായ കലാപത്തിന് വഴിവെച്ചുമെന്നുമാണ് പോലീസ് പറയുന്നത്. ദളിതുകളായ മഹര്‍ പോരാളികള്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സേന പെഷ്വ സേനയെ ആക്രമിച്ച് മറാത്ത ഭരണത്തിന് അവസാനം കുറിച്ച യുദ്ധമാണ് ഭീമ കോറിഗാവ് യുദ്ധം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിന്റെ സ്മരണ പുതുക്കി ആഘോഷങ്ങള്‍ നടത്തിയതിനെതിരേ നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു