കേരളത്തെ കൊള്ളയടിക്കാന്‍ ആരെങ്കിലും വന്നാല്‍ തടയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ കൊള്ളയടിക്കാന്‍ ആരെങ്കിലും വന്നാല്‍ തടയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്:
പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട ഉയര്‍ന്ന  പദവിയിലാണിരിക്കുന്നത്. അത് മനസിലാക്കാന്‍ അദ്ദേഹം തയ്യാറാകണം എന്നാണ് മുഖ്യമന്ത്രി  ഇന്നലെ   പത്ര സമ്മേളനത്തില്‍ പറഞ്ഞത്.  പൂര്‍ണ്ണമായും യോജിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഉന്നതമായ ഉത്തരവാദിത്വം എനിക്ക് നിറവേറ്റാനുണ്ട്. അതിനാലാണ് കേരളത്തെ കൊള്ളയടിക്കുന്നതും അന്താരാഷ്ട്ര കുത്തകകള്‍ക്കു  വിറ്റ് തുലയ്ക്കുന്നതും എനിക്ക് തടയേണ്ടി വരുന്നത്.  കേരളത്തെ കൊള്ളയടിക്കാന്‍ ആരെങ്കിലും വന്നാല്‍  അത് തടയുകയാണ്  മുഖ്യമന്ത്രി ചെയ്യേണ്ടത്.അല്ലാതെ  കൊള്ളക്കാര്‍ക്ക് വാതില്‍ തുറന്ന് കൊടുക്കുകയല്ല  വേണ്ടത്.

2. ഈ  കോവിഡ് കാലത്ത്  വിവാദങ്ങളുടെ പേരില്‍  എത്ര സമയമാണ് പാഴാകുന്നതെന്ന് മുഖ്യമന്ത്രി  ഇന്നലെ പറഞ്ഞു. അതിനോടും എനിക്ക് യോജിപ്പാണ്. നാട് വലിയ  ദുരന്തത്തെ നേരിടുമ്പോള്‍ ഒറ്റക്കെട്ടായി   നിന്ന് അതിനെ ചെറുക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷെ ഇതു തന്നെ അവസരം എന്ന നിലയില്‍ സര്‍ക്കാര്‍ കൊള്ള നടത്താന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? കണ്ണും പൂട്ടി ഇരിക്കണോ?

3.   കുറച്ച് നാളായി കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ സെക്രട്ടേറിയറ്റിന് മുകളില്‍ റാകിപ്പറക്കുകയാണ്.   സെക്രട്ടേറിയറ്റ് പോലും   അവര്‍ റാഞ്ചുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. വിശ്വസിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് കോവിഡിന്റെ മറവില്‍  അരങ്ങേറുന്നത്.

4. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരായ ലണ്ടന്‍ ആസ്ഥാനമായ    pwc ക്ക് നമ്മുടെ സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാനുള്ള  ഫയല്‍  അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.  ഇനി മന്ത്രി ഒപ്പ് വച്ചാല്‍ മതി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന  ബോര്‍ഡ് സെക്രട്ടേറിയറ്റില്‍ തൂക്കാം. വേണമെങ്കില്‍ ദേശീയ പതാകയോടൊപ്പം pwc പതാകയും  കൂട്ടി കെട്ടാം
.

5.  സെക്രട്ടേറിയറ്റില്‍ നിലവില്‍  അസിസ്റ്റന്റുമാര്‍ക്ക് ഇത്തരം  ജോലികള്‍  സമയബന്ധിതമായും ക്രിയാത്മകമായും നടപ്പിലാക്കാന്‍  സാധിക്കുന്നില്ല  എന്ന ഗതാഗത വകുപ്പ് സെക്രട്ടറിയുടെ  കുറിപ്പിന്റെ അടിസ്ഥാനത്തില്‍    pwc യുടെ ഒരു ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കണമെന്ന ഫയല്‍ ഒരു വര്‍ഷം മുമ്പാണ്   തുടങ്ങിയത്.  അതിന് ധനകാര്യ വകുപ്പ് അംഗീകാരവും നല്‍കി. pwc യുടെ നാല് ഉദ്യോഗസ്ഥരായിരിക്കും ഈ ഓഫീസിലുണ്ടാവുക.  ഇവരുടെ ശമ്പളം ഇങ്ങനെയാണ്.

പ്രോജക്റ്റ് മാനേജര്‍ എക്‌സപര്‍ട്ട് –   മാസ ശമ്പളം മൂന്ന് ലക്ഷത്തി മൂപ്പത്തിനാലായിരത്തി എണ്ണൂറ്

ഫങ്ഷണല്‍ കണ്‍സള്‍ട്ടന്റ്-  മാസ ശമ്പളം-  മൂന്ന് ലക്ഷത്തി  രണ്ടായിരത്തി നാനൂറ്

ടെക്‌നോളജി കണ്‍സള്‍ട്ടന്റ്-   മാസശമ്പളം- മൂന്ന്  ലക്ഷത്തി  രണ്ടായിരത്തി നാനൂറ്
പോളിസി കണ്‍സള്‍ട്ടന്റ്-   മാസ ശമ്പളം-   മൂന്ന് ലക്ഷത്തി  രണ്ടായിരത്തി നാനൂറ്.

സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയെക്കാള്‍ കൂടുതല്‍ ശമ്പളത്തിലാണ് ഇവരെ നിയമിക്കാന്‍ ശ്രമിക്കുന്നത്.
എന്റെ  പരിമിതമായ അറിവില്‍  ലോകത്തെ  എല്ലാ  രാജ്യങ്ങളിലും സാങ്കേതിക മികവുള്ള  പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പിന്നില്‍ മലയാളികളാണ് കൂടുതലും.  കേരളത്തില്‍ കഴിഞ്ഞ 63 വര്‍ഷമായി ഭരിച്ചിരുന്ന മുന്നണികളും ഇതേ സെക്രട്ടേറിയറ്റ് ഉപയോഗിച്ചാണ്  വന്‍കിട- ചെറുകിട പദ്ധതികള്‍ നടപ്പില്‍ വരുത്തിയത്.  ഇങ്ങനെ  ഒരാവശ്യമുണ്ടായിരുന്നെങ്കില്‍ മിടുമിടുക്കരായ കേരളത്തിലെ സാങ്കേതിക മികവുള്ള    യുവാക്കളെ നിയമിക്കുന്നതായിരുന്നില്ലേ അഭികാമ്യം.

6. പറ്റിയ പേരാണ് ഈ വിദേശ കമ്പനിയുടെ   ഓഫീസിന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്.  ബാക്ക് ഡോര്‍ഓഫീസ് (   back door office) .  പേരിടുന്നതിലെങ്കിലും സര്‍ക്കാര്‍ സത്യസന്ധത കാട്ടിയിട്ടുണ്ട്.     ഇ  ബസ് പദ്ധതിയുടെ  കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് പിന്‍വാതിലിലൂടെയാണല്ലോ .അത് കൊണ്ട് പറ്റിയ പേര് തന്നെയാണ്   back door office എന്നത്.

7.  സംസ്ഥാന  ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനുള്ളില്‍ ഒരു വിദേശ കമ്പനിക്ക് ഓഫീസ് തുറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുക എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ഒമ്പത് തട്ടിപ്പ് കേസുകള്‍ ഉള്ള ഒരു കമ്പനിയാണ് pwc.  മാത്രമോ, തട്ടിപ്പിന് പിടികൂടി സെബി രണ്ട് വര്‍ഷത്തെ  നിരോധനവും ഏര്‍പ്പെടുത്തി.   ഇവരെ സൂക്ഷിക്കണം ഇവര്‍ ശരിയല്ല എന്ന് ജസ്റ്റിസ് ഷായും  പ്രശാന്ത് ഭൂഷണും മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. എന്നിട്ട് ആ കമ്പനിക്ക് തന്നെ   സെക്രട്ടേറിയറ്റില്‍ ഒരു ഓഫീസ് ഒരുക്കുകയാണ്.  കേരളം മുഴുവന്‍ പിന്‍വാതിലിലൂടെ അവര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്രമായായിരിക്കും ഈ ഓഫീസ്  പ്രവര്‍ത്തിക്കുക. ഈ   സാഹചര്യത്തില്‍ ഇനിയും ഞാന്‍ മിണ്ടാതിരുന്നാല്‍  ഞാനിരിക്കുന്ന പദവിയോട് കാണിക്കുന്ന നീതിയില്ലായ്മയാകും എന്ന് കരുതിയാണ് ഈ  കോവിഡ് കാലത്തും   ഇത്തരത്തില്‍ ഒരു  വിഷയം ഉന്നയിക്കേണ്ട വന്നത്.  ഞാനിത് ഉന്നയിച്ചില്ലായിരുന്നെങ്കില്‍   ഗതാഗത മന്ത്രി ഈ ഫയലും ഒപ്പിടുമായിരുന്നുവെന്ന്  എനിക്കുറപ്പുണ്ട്.

8.  ഞാനിതൊക്കെ കണ്ടെത്തുകയും വിളിച്ച്  പറയുകയും ചെയ്യുന്നത് കൊണ്ട് പ്രതിപക്ഷ നേതാവ്  ഇങ്ങനെ ആയി പ്പോയല്ലോ എന്നാണ്  മുഖ്യമന്ത്രി പറയുന്നത്.  എനിക്കും അത് തന്നെയാണ്  ചോദിക്കാനുള്ളത്,    ഇങ്ങനെ ഒരു മുഖ്യമന്ത്രിയെയാണല്ലോ   നമുക്ക് കിട്ടിയത്് ?

9.  ഇന്നലെ വൈകീട്ടത്തെ ബഡായി ബംഗ്‌ളാവില്‍ എന്തോ മഹാകാര്യം  പോലെ മുഖ്യമന്ത്രി പറഞ്ഞത് ഇലക്ട്രിക് ബസ് കരാറിന്റെ ഫയല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് തനിയെ നടന്ന് പോയതല്ലെന്നും ചീഫ് സെക്രട്ടറി കാണണമെന്ന് ഫയലില്‍ കുറിച്ചത് മുഖ്യമന്ത്രിയാണെന്നുമാണ്. അക്കാര്യം എന്ത് കൊണ്ട് മറച്ച് വച്ചുവെന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. എടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ചീഫ് സെക്രട്ടറി എന്താണ് കണ്ടെത്തിയത് എന്നതാണ്  പ്രധാനം. അതാണ് ഞാൻ പറഞ്ഞത്.

12. ഫയലില്‍ തിരുമാനമെടുക്കുന്നതിന്  മുമ്പ്  ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത്  താനാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്.      എന്നാല്‍ ചീഫ് സെക്രട്ടറി ചോദിച്ചത്   ഇതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നാണ് .  അതായത് ഗ്‌ളോബല്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ എന്നാണദ്ദേഹം  ചോദിക്കുന്നത്.  ധനകാര്യ വകുപ്പ്  ചോദിച്ചത്  ഇതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്നാണ് . ഇതിന് രണ്ടിനും  മുഖ്യമന്ത്രിയുടെ മറുപടിയെന്താണ്? മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്  പോലെ ഞാന്‍ ഭംഗിയായി ഫയല്‍ വായിച്ചു. ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്കുള്ള മറുപടി എവിടെ ?   ഫയല്‍  ഭംഗിയായി വായിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്ന് കേരള ജനതയോട് മറുപടി  പറയണം.

13.   ഉത്തരംമുട്ടിയപ്പോള്‍ സ്വന്തം കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കി തലയൂരാനാണ്  മുഖ്യമന്ത്രി  പിന്നെ ശ്രമിച്ചത്. അതാണ് ഉറച്ച്‌നിന്ന്  ഞാന്‍ ആരോപണമായി ഉന്നയിച്ചത്.

15.  മുഖ്യമന്ത്രി പറയുന്നത് ഹെസുമായി ധാരണാ പത്രം ഒപ്പിട്ടിട്ടില്ലന്നാണ്. ഒപ്പിടുമ്പോള്‍ കാബിനറ്റ് കണ്ടാല്‍ പോരെ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ 2019 ജൂണ്‍ 29 ന്  ഇലക്ട്രിക് ബസ് പദ്ധതിക്ക്  ധാരണാ പത്രം ഒപ്പിട്ടുകഴിഞ്ഞു എന്നാണ് h e s s  ന്റെ വെബ്‌സൈറ്റില്‍ കാണുന്നത്്.   ഗതാഗത സെക്രട്ടറിയുടെ പടവും  ഹെസിന്റെ  വെബ്‌സൈറ്റിലുണ്ട്.  ഇതില്‍ ആരു പറയുന്നതാണ് ശരി.  ചുരുക്കത്തില്‍ ആദ്യം കച്ചവടം   ഉറപ്പിക്കുക, പിന്നീട്  കണ്‍സള്‍ട്ടന്‍സിയെ  വയ്ക്കുക  ഇതാണ് ഇവിടെ നടന്നതെന്ന് വ്യക്തം.

16.  ധനകാര്യവകുപ്പും ചീഫ് സെക്രട്ടറിയും  നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി പറഞ്ഞ പദ്ധതിക്കാണ്  മുഖ്യമന്ത്രി കണ്‍സള്‍ട്ടന്‍സി കൊടുത്തത്.      പദ്ധതി  നടപ്പിലാക്കേണ്ട  സ്ഥാപനത്തെ കണ്ടുവച്ച് അവര്‍ക്ക് അനുയോജ്യമായി റിപ്പോര്‍ട്ടെഴുതി വാങ്ങിപ്പിക്കുന്ന പുതിയ ചെപ്പടി വിദ്യയാണ് മുഖ്യമന്ത്രി ഇവിടെ നടത്തിയത്.  എങ്ങിനെയാണ്  കണ്‍സള്‍ട്ടന്‍സി നല്‍കേണ്ടത്  എന്ന് അങ്ങേയ്ക്ക് വ്യക്തമായി  അറിയാം.

അതിനായി 2 ഉത്തരവുകള്‍ ഞാന്‍  നല്‍കാം

1. കൊച്ചി – പാലക്കാട് ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴിക്ക് നിങ്ങള്‍ ഇതേ  കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരുന്നു. ആ ഫയലിന്റെ പകര്‍പ്പ് ഇതാണ്.  നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിശോധിക്കാം  ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് കണ്ട് മന്ത്രിസഭായോഗ തീരുമാനമായിട്ടല്ലേ നിങ്ങള്‍ ഉത്തരവ് ഇറക്കിയത്?

2, റീ ബില്‍ഡ് കേരളയില്‍ കഴിഞ്ഞയാഴ്ച  എട്ട് കോടിയുടെ   കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരുന്നു. ഇതാണ് ആ ഉത്തരവ്. ഇതിലും നിങ്ങള്‍  ടെണ്ടര്‍വളിച്ച്  ധനകാര്യ  വകുപ്പ് കണ്ട്  മന്ത്രിസഭ അംഗീകരിച്ച്  ഉത്തരവ് പുറപ്പെടുവിച്ചു. എന്തേ ഈ  കമ്പനികളെ അന്നും നിക്‌സി എംപാനല്‍ ചെയ്തിരുന്നില്ലേ   ?  നിങ്ങള്‍ ഇത് കേരള  പൊതു സമൂഹത്തോട് തുറന്ന്  പറയണം. നിക്‌സിയുടെ എംപാനലില്‍   pwc   എന്ന  കമ്പനിക്ക് പുറമേ മൂന്ന്  മറ്റു കമ്പനികളും ഉണ്ടായിരുന്നല്ലോ ?  എന്നിട്ടെന്തേ  പ്രൈസ് വാട്ടര്‍ കൂപ്പറിനോട് മാത്രം ഇത്ര ആഭിമുഖ്യം.

17 . രണ്ട് വര്‍ഷത്തേക്ക് സെബി വിലക്കിയ കമ്പനിയാണ്  pwc എന്ന വസ്തുത  മറച്ചുപിടിക്കാന്‍ ദുര്‍ബലമായ വാദമാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത് . കണ്‍സള്‍ട്ടന്‍സി വിലക്കുണ്ടെങ്കില്‍ നിക്‌സി അത് പറയില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിക്‌സി  പറഞ്ഞില്ല എന്നത് കൊണ്ട് സെബിയുടെ വിലക്ക് വിലക്കല്ലാതാകുമോ.  സുപ്രീം കോടതിയുടെ ഉത്തരവിന് വിലയില്ലേ?    pwc യുടെ എല്ലാ  സ്ഥാപനങ്ങള്‍ക്കും  വിലക്ക് ബാധകമാണെന്ന  സെബിയുടെ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മാത്രമല്ല pwc ക്ക്  കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയപ്പോള്‍ എന്ത് കൊണ്ട്  നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നില്ല.
18 .ശാസ്ത്രീയമായി അഴിമതി നടത്തുക,   എന്നിട്ട് തന്‍മയത്വത്തോടെ അത് മൂടി  വയ്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
മനുഷ്യത്വം എന്ന മഹാഗുണത്തെക്കുറിച്ച് നിയമസഭയില്‍   വാചാലമായി  പ്രഭാഷണം നടത്തിക്കൊണ്ടാണ് മുഖ്യന്ത്രി രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞത്. അതിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ 20 ലേറെ കൊലപാതകങ്ങള്‍ നടത്തി .ആ കൊലപാതകികളെ രക്ഷിക്കാന്‍ ഖജനാവിലെ പണം അദ്ദേഹം യഥേഷ്ടം ധൂര്‍ത്തടിക്കുകയും ചെയ്തു. അതേ  പോലെ ഇപ്പോള്‍ നാടിന്റെ നന്‍മയെക്കുറിച്ചും വികസനത്തെക്കുറിച്ചും  വല്ലാതെ ഉത്കണ്ഠപ്പെടുന്നു എന്ന് അഭിനയിച്ച് കൊണ്ടാണ് അ്‌ദ്ദേഹം ഈ അഴിമതികളെല്ലാം നടത്തുന്നത്.

19. കഴിഞ്ഞ നാലര വര്‍ഷമായി ഒരു രൂപയുടെ നിക്ഷേപം പോലും സംസ്ഥാനത്തേക്കാകര്‍ഷിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാരാണ് ഇനി  ആറ് മാസം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് വീമ്പിളക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് കേരളത്തില്‍   വന്ന ഒരു   വന്‍കിട പ്രൊജക്റ്റിന്റെ പേര്  മുഖ്യമന്ത്രിക്ക് പറയാമോ?  ഇപ്പോള്‍ ഭരണം പോകുമെന്നായപ്പോള്‍    നാട് മുഴുവന്‍ കണ്‍സള്‍ട്ടന്‍സികളെക്കൊണ്ട് നിറച്ച് കടും വെട്ട് വെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ വികസന    വിരോധികളാക്കുകയും ചെയ്യുന്നു.

20. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണെന്നാര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.  2001 ലെയും, 2011 ലെയും യു ഡി എഫ് സര്‍ക്കാരുകള്‍ ഗ്ളോബല്‍ ഇന്‍വെസ്റ്റ്മെൻ്റ് മീറ്റുകള്‍ നടത്തിയപ്പോള്‍ അതിനെതിരെ തെരുവില്‍    പട നയിച്ചവരാണ് ഇപ്പോള്‍   നിക്ഷേപ സൗഹൃദത്തെക്കുറിച്ച് പറയുന്നത്.  കേരളത്തിലേക്ക് വരുന്ന ഓരോ നിക്ഷേപവും തടസപ്പെടുത്തിയതിന്റെ  പാപ ഭാരത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക്   രക്ഷപ്പെടാന്‍ കഴിയില്ല.