നിലപാടിലുറച്ച് മുഖ്യമന്ത്രി; “ശബരിമലയില്‍ പിന്നോട്ടില്ല; സുപ്രീംകോടതി വിധി നടപ്പാക്കും”

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.

പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കലാണെന്നും ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഇലയ്ക്കാനാവില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

”ഒരു കൂട്ടര്‍ കൊടിയെടുത്തും മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു”

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ ആര്‍ മീര, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായര്‍, ലോകസഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരി, പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയുടെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 7.30 മുതല്‍ വിവിധ വാര്‍ത്താ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.