കേരളം ജാഗ്രതയിൽ; വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചു. 29997 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ല വാണിയമ്പലം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ നിലവില്‍ അവര്‍ക്ക് ഭക്ഷണത്തിന് ഇപ്പോള്‍ ബുദ്ധിമുട്ടില്ല. പുഴയിലെ ഒഴുക്ക ശക്തിപ്പെടുന്നത കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന് തയ്യാറാകുന്നില്ലെന്ന് അറിയുന്നുണ്ട്.

വീടുപേക്ഷിച്ച് പോകുന്നതില്‍ പ്രയാസമുണ്ടാകും. എന്നാല്‍ നഷ്ടപ്പെടുന്നതൊക്കെ പിന്നീട് തിരിച്ചുപിടിക്കാം. അതിന് ജീവന്‍ നിലനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം പാലിക്കണം.’-മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു.

എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.