തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് അയച്ചു

തിരുവനന്തപുരം: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമസഹായം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷേമത്തെയും ആരോഗ്യാവസ്ഥയെയും സംബന്ധിച്ചുള്ള ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭ്യമാകുന്ന എല്ലാ സഹായങ്ങളും അദ്ദേഹത്തിന് ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിക്കുന്നു. വ്യക്തിപരമായ സാമ്പത്തിക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. പത്ത് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്മാനില്‍ നേരത്തെ തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.
എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. ഒത്തു തീര്‍പ്പിനെന്ന പേരില്‍ ഇയാള്‍ തുഷാറിനെ അജ്മീറിലേക്ക് വിളിച്ചുവരുത്തുകയാണ്. തുടർന്ന് ഇയ്യാൾ നൽകിയ വിവരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.