കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം നേടും: എക്സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം നേടുമെന്നതില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രവചനം. പല എക്‌സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചത് പാളിപ്പോയിട്ടുണ്ടെന്നും അതിനാല്‍ ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2004-ല്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനമെല്ലാം തെറ്റിപ്പോയി. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങൾ വച്ച് ചർച്ച നടത്തേണ്ടതില്ല. ഇനിയിപ്പോൾ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. സമരം ചില ആൾക്കാരെ ആക്രമിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നുവെന്നും, ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന് അതിന് നേതൃത്വം നൽകിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാൽ സർക്കാർ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതൽ ഉയർന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. സംസ്ഥാന വികസനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ വിദേശസന്ദര്‍ശനത്തിലുണ്ടായെന്നും യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മാതൃകയിലുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.