കാക്കിയിട്ട കാവിയോ? മുഖ്യമന്ത്രിയുടെ വിവരങ്ങള്‍ ചോര്‍ത്തി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാവിവരങ്ങളടക്കം ചോരുന്നതായി റിപ്പോര്‍ട്ടുകള്‍. പോലീസില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ ചോരുന്നതെന്നും ഈ വിവരങ്ങള്‍ ബിജെപി നേതാക്കളുടെ പക്കല്‍ കൃത്യമായി എത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പോലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണ് പിന്നിലെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രിക്കും ഓഫിസിനും സുരക്ഷയൊരുക്കുന്നതിലടക്കം വീഴ്ച സംഭവിച്ചതും ഹര്‍ത്താലില്‍ വന്‍നഷ്ടം സംഭവിച്ചതും പൊലീസിലെ വി.എച്ച്.പി-ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങള്‍ കരുത്താര്‍ജിച്ചതിന്റെ ഫലമാണെന്ന് പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ഓഫിസിനും ഒരുക്കിയ സുരക്ഷാവിവരങ്ങളും മുഖ്യമന്ത്രിയുടെ യാത്രാവിവരവും ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളുടെ കൈകളിലെത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ രണ്ടുതവണ പ്രതിഷേധക്കാര്‍ എത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമവുമുണ്ടായി. ഇതൊക്കെയും വീഴ്ചകളാണ്.

ജനുവരി രണ്ടിന് രാത്രി ജില്ല പൊലീസ് മേധാവിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാര്‍ക്കും ഡി.ജി.പി നല്‍കിയ ഹര്‍ത്താല്‍ നിര്‍ദേശം നിമിഷങ്ങള്‍ക്കകം വാട്സ്ആപ്പിലൂടെ പ്രചരിച്ചതിന് പിന്നില്‍ പൊലീസിലെ ആര്‍.എസ്.എസ് വിഭാഗമാണെന്നും ഇത് മൂലമാണ് പല അക്രമികളും ഒളിവില്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്.