വിമര്‍ശനങ്ങള്‍ക്കുപകരം കുത്തിത്തിരിപ്പും കൊണ്ടുവരരുതെന്ന് ചെന്നിത്തലയോട് പിണറായി

തിരുവനന്തപുര ം: ഇവിടെ അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങിനെയെങ്കിലും ഏതു വിധേനെയും രോഗവ്യാപനം വലിയ തോതിലാവണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്കു മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ കഴിയൂ. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകളെക്കുറിച്ചും അവര്‍ അനുഷ്ഠിക്കുന്ന ത്യാഗനിര്‍ഭരമായ സേവനത്തെക്കുറിച്ചും അറിയാത്തവര്‍ ആരാണുള്ളത്? എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുക മാത്രമല്ല, വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍. ഈ വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ എത്ര തവണ അക്കാര്യം പറഞ്ഞു എന്ന് ഓര്‍ത്തുനോക്കൂ.

റിവേഴ്‌സ് ക്വാറന്റൈനില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലം കൂടിയാണ് നമ്മുടേത്. അതുകൊണ്ട്, ചികിത്സയിലും പരിചരണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനോടൊപ്പം കോണ്ടാക്ട് ട്രെയ്‌സിങ് പോലുള്ള പ്രവര്‍ത്തനങ്ങളും ഒക്കെ ഒരു കൂട്ടര്‍ തന്നെ തുടര്‍ച്ചയായി ചെയ്യുമ്പോള്‍ മനുഷ്യസഹജമായ ക്ഷീണമുണ്ടാകില്ലേ? തളര്‍ച്ച അവരെ ബാധിക്കില്ലേ? ഈ ഒരു സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പൊലീസിനെ നിയോഗിക്കുന്നത്.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പര്‍ക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സൈബര്‍ സഹായം ഉള്‍പ്പെടെ ആവശ്യമായി വരും. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഈ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ പോലീസിന് മികച്ച രീതിയില്‍ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പോലീസിനുണ്ട്.

ഇപ്പോള്‍ നമുക്കുമുന്നിലുള്ളത് ഗൗരവമേറിയ ഒരു ദൗത്യമാണ്. ഇതുവരെ സമ്പര്‍ക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പര്‍ക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പൊലീസ് സഹായം നല്‍കിയിരുന്നു. രോഗവ്യാപനം വര്‍ധിച്ച ഈ ഘട്ടത്തില്‍ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏല്‍പിക്കുകയാണ്. അതില്‍ ഒരു തെറ്റിദ്ധാരണയും വേണ്ടതില്ല.

കോണ്‍ടാക്ട് ട്രെയിസിങ്ങിന് പൊലീസിന്റെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയില്‍ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലര്‍ക്ക് തോന്നി. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഈ തീരുമാനം സംസ്ഥാനത്തെ പൊലീസ്‌രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

യഥാര്‍ത്ഥത്തില്‍ എന്തു കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് അവഗണന എന്ന് ആക്ഷേപം ഉന്നയിക്കുക. മറുഭാഗത്ത് പൊലീസ് സംവിധാനത്തിന്റെ ഇടപെടല്‍ മരവിപ്പിക്കുക. രണ്ടും നടന്നാല്‍ കോവിഡ് അതിന്റെ വഴിക്ക് പടര്‍ന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? ഇതേ സമീപനമല്ലേ കഴിഞ്ഞദിവസം നാം കണ്ടത്?
എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നത്. ഇവിടെ പലതരത്തിലുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരുണ്ടല്ലോ? പ്രളയത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുമൊക്കെ വലിയ പ്രതീക്ഷയോടെ കണ്ടയാളുകളില്‍ നിന്ന് ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കാനാവുക?

ഇപ്പോള്‍ നമ്മുടെ കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും മറ്റു പ്രദേശങ്ങളുടെയും അനുഭവം താരതമ്യം ചെയ്താല്‍ നാം എത്രമാത്രം മുന്നേറി എന്ന് വ്യക്തമാകും. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന്. ആരോടാണ് ഇത് പറയുന്നത്? സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടോ? ആ ജനങ്ങളില്‍ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്ളവര്‍ മാത്രമാണോ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിട്ടുള്ളത്. കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി നില്‍ക്കുന്ന തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നയാളുകളെ അടര്‍ത്തിമാറ്റുക, അവരില്‍ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക. അതാണോ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്? നാം നമ്മുടെ നാടിന്റെ അനുഭവം കാണുന്നുണ്ടല്ലോ. ജനങ്ങളാകെ ഒരുമയോടെ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന നിലയല്ലേ കാണുന്നത്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവരുടെ ആക്ഷേപങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന അതേ കാഴ്ചയുണ്ടാകുമോ? ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നു എന്നാണ് കാണേണ്ടത്.

ഒരു കാര്യമേ ഈ ഘട്ടത്തില്‍ ഓര്‍മിപ്പിക്കാനുള്ളൂ. പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ്. നല്ല കാര്യമാണത്. വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷെ, വിമര്‍ശനങ്ങള്‍ക്കു പകരം തെറ്റായ പ്രചാരണങ്ങളും കോവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഭാരം അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരും.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സ നല്‍കാം എന്ന നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച തത്വത്തില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യവിദഗ്ധരും നമ്മുടെ വിദഗ്ധസമിതിയും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആ തീരുമാനം എടുത്തത്. അന്ന് ഇതിനെ ചിലര്‍ വളച്ചൊടിച്ച് സംസ്ഥാനം ചികിത്സയില്‍ നിന്നും പി•ാറുന്നു എന്നാണ് പറഞ്ഞത്. അതുപോലൊരു പ്രചരണമാണ് ഇവിടേയും നടക്കുന്നത്.

അതുകൊണ്ടാണ് കൂടുതല്‍ സഹായം നല്‍കാനുള്ള ചുമതല പൊലീസിനു നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ നോക്കുന്നവര്‍ തളര്‍ത്തുന്നത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്. അപകടത്തിലാക്കുന്നത് സമൂഹത്തെ ഒന്നാകെയാണ്. ഇത്തരം പ്രചരണങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണുപോവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.