കുത്തിത്തിരിപ്പിനൊക്കെ ഒരതിര് വേണം കേട്ടോ, ശക്തമായ ഭാഷയില്‍ പത്രത്തിന് പിണറായിയുടെ മറുപടി

ഇതു കൊവിഡിനെക്കാള്‍ അപകടകാരിയായ രോഗം

തിരുവനന്തപുരം:’പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടുമായി ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കണ്ടു. ‘ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍, നാം ഇനിയും നിശ്ശബ്ദരായിരുന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടും’ എന്നാണ് ആ പത്രം പറയുന്നത്. അതിന് മറുപടി പറയാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അവരെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? (കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരുവേണം കേട്ടോ).
എന്തു തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേത് എന്ന് നാമെല്ലാം ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചത്. വിദേശ രാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കഴിയുമായിരുന്നോ? ഇന്നാട്ടില്‍ വിമാനങ്ങളും ഇതര യാത്രാമാര്‍ഗങ്ങളുമില്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളില്‍ എന്ന് ഇവര്‍ക്ക് ബോധ്യമില്ലേ?
മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനേക്കാള്‍ അപകടകാരിയായ രോഗബാധയാണ്.