ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞാല്‍ മാനസിക സമ്മര്‍ദം കുറയുമെന്ന്മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അനാവശ്യമായ ഭീതിയും തെറ്റിധാരണയുമാണ് ഇതിന് കാരണമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്വാറന്റീനിന്റെ കാര്യത്തിലെന്ന പോലെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ, രോഗം സ്ഥിരീകരിക്കപ്പെടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കുടുംബാഗങ്ങളും നാട്ടുകാരുമൊക്കെ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത് രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് മനസിലാക്കണം.
രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ സൗകര്യമുള്ളവരുമായ പരമാവധി ആളുകള്‍ ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ രണ്ട് പ്രയോജനങ്ങളാണുള്ളത്. ഒന്ന്, മാനസിക സമ്മര്‍ദം കുറയ്ക്കാനും കുടുംബാന്തരീക്ഷത്തില്‍ ജാഗ്രതയോടെ കഴിയാനും സാധിക്കും. രണ്ട്, ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമായി പരമാവധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം.

പത്തനംതിട്ട ജില്ലയില്‍ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഉയര്‍ത്തി. പനി, ഗുരുതരമല്ലാത്ത മറ്റ് രോഗം ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ചികില്‍സിക്കുന്നത്.

ഇന്ന് മുതല്‍ പുതുതായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൂടി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസിറ്റീവാകുന്ന ആളുകളെ അതത് ഹെല്‍ത്ത് ബ്ലോക്ക് പരിധിയിലുള്ളഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കും. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മീനടം, പുതുപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലകളില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിക്കുശേഷം മീനടത്ത് 57 പേര്‍ക്കും നാട്ടകത്ത് 34 പേര്‍ക്കും പുതുപ്പള്ളിയില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി, കോട്ടയം മുനിസിപ്പാലിറ്റി, കുമരകം, ഏറ്റുമാനൂര്‍ മേഖലകളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, ഐഎന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൂടുതലായി പോസിറ്റീവാകുന്ന സ്ഥിതിയുണ്ടായി. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

റിവേഴ്‌സ് ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനമന്ദിരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലേക്ക് ജില്ലാ ഭരണ കേന്ദ്രത്തില്‍നിന്നു തന്നെ നിത്യോപയോഗ വസ്തുക്കളും മറ്റും എത്തിച്ചു നല്‍കുന്നുണ്ട്. പഌസ്മാ തെറാപ്പി ചികിത്സക്കാവശ്യമായ എഫറസിസ് മെഷീന്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കെ ജെ മാക്‌സി എംഎല്‍എയുടെ സഹായത്തോടെ സ്ഥാപിച്ചു.

തൃശൂരില്‍ പരിശോധിക്കുന്നതിന്റെ 8 മുതല്‍ 14 ശതമാനമാണ് കോവിഡ് പോസറ്റീവായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.

പാലക്കാട് കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 2486 രോഗബാധിതരാണുള്ളത്.

മലപ്പുറം ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികളിലും ഹജ്ജ് ഹൗസിലുമായി ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കും. 684 കിടക്കകള്‍ കൂടി സജ്ജമാക്കും. ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍, ബാക്ക് റെസ്റ്റുകളോടുകൂടിയുള്ള കട്ടിലുകള്‍ തുടങ്ങിയ സംവിധാനങ്ങളും തയ്യാറാക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് വാര്‍ഡുകള്‍കൂടി കോവിഡ് ഐസിയു ആക്കി മാറ്റും. ഇതിലൂടെ 50 ഐസിയു കിടക്കകള്‍ കൂടി അധികമായി ഒരുക്കും.

കണ്ണൂര്‍ ജില്ലയില്‍ ഗുരുതര രോഗങ്ങളുമായി എത്തുന്ന കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് സര്‍ജറി ഉള്‍പ്പെടെ മികച്ച ചികില്‍സ ലഭ്യമാക്കുന്നതിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇവിടങ്ങളിലെത്തുന്ന സാധാരണ പ്രസവ കേസുകളില്‍ സാധ്യമായവ കൂത്തുപറമ്പ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനും അതിനായി ഈ രണ്ട് ആശുപത്രികളിലെയും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്കായി 40 അധിക കിടക്കകള്‍ ഒരുക്കും.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ടാറ്റാ കോവിഡ് ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതു വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.

ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ്മൂലമുള്ള മരണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത വളരെ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് ആനുപാതികമായ മരണങ്ങളും ഉണ്ടാവുകയാണ്. ഉദാഹരണമായി 0.1 ശതമാനമാണ് യുവാക്കള്‍ക്കിടയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് എന്ന് കരുതുക. അങ്ങനെയെങ്കില്‍ 100 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 1 മരണമായിരിക്കും സംഭവിക്കുക. എന്നാല്‍ 10000 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 10 പേരും, അത് ഒരു ലക്ഷമായാല്‍ 100 പേരും മരിക്കുന്ന സാഹചര്യമുണ്ടാകും. ചെറുപ്പക്കാര്‍ക്ക് കോവിഡ് അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരൂ.