ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി, ഇ-ബസ് പദ്ധതിയുമായി മുന്നോട്ടുതന്നെ

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി: അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ: അദ്ദേഹം ഉത്തരവാദപ്പെട്ട ഉയര്‍ന്ന പദവിയിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ‘ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്’. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.
ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്. ‘ചീഫ് സെക്രട്ടറി കാണുക’ എന്നതാണ് ആ വാചകം. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.
അതിനര്‍ത്ഥം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്. ഇത് എന്തിനാണ് പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത്? പ്രതിപക്ഷ നേതാവ് പറയുന്ന ഫയലില്‍ ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടത്. ഫയല്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടല്ലൊ. ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കണം.
കഴിഞ്ഞദിവസം ഞാനൊരു കാര്യം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്ന്. ഇപ്പോഴും പറയുന്നു- ഉറപ്പു വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് നമ്മുടെയാകെ വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്.
തെറ്റായ കാര്യങ്ങള്‍ ഓരോ ദിവസം പറയുകയും അതിനു നിങ്ങള്‍ മറുപടി തേടുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണ്. എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചു പറയാം. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമായ പദ്ധതികള്‍ ഉപേക്ഷിക്കുവാനും പോകുന്നില്ല.
ഇലക്ട്രിക് ബസ് നിര്‍മാണത്തിനുള്ള പദ്ധതി കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി വിവരമുണ്ട്. അത്തരം ഒരു ശ്രമത്തിന് വളംവെച്ചുകൊടുക്കാന്‍ തയ്യാറാവരുത് എന്നാണ് പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
ആദ്യമായി പറയാനുള്ളത് കേരളത്തെ വൈദ്യുത വാഹന നിര്‍മാണത്തിന്റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ രൂപീകരിച്ച വൈദ്യുത വാഹന നയത്തിന്റെ പ്രധാന ലക്ഷ്യം എന്നതാണ്. അത് കുറേ വൈദ്യുതി ബസുകള്‍ ഉണ്ടാക്കുക എന്നതിലേക്ക് ചുരുക്കിക്കാണരുത്. വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുക, വൈദ്യുത വാഹന നിര്‍മാണ മേഖലയിലും അനുബന്ധ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇതിനോടൊപ്പം ബാറ്ററി നിര്‍മാണം അടക്കമുള്ള അനുബന്ധ വ്യവസായങ്ങളും സംസ്ഥാനത്തേക്കു വരും. വൈദ്യുത വാഹനനിര്‍മാണം പുരോഗമിക്കുമ്പോള്‍ തന്നെ ഐടി, ബിടി, ആഗ്രോ വ്യവസായങ്ങളും വളരുകയാണ്. ഇങ്ങനെ വ്യവസായ മേഖലയെ പരസ്പരബന്ധിതവും കാലാനുസൃതവുമായ പുതിയ തലത്തിലേക്ക് ഉണര്‍വുനല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനെ ചുരുക്കിക്കാണിക്കാനും വിവാദങ്ങളുയര്‍ത്തി തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ജനവിരുദ്ധമാണ്.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിക്കുമേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിഡബ്ല്യുസിയുടെ കാര്യം വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതല്ലാതെ തന്നെ ചോദിക്കട്ടെ – സെബിയുടെ നിരോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവ് വരുത്തി എന്ന കാരണം പറഞ്ഞ് സെബി, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ബംഗളൂരു എല്‍എല്‍പി എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതില്‍ നിന്നും രണ്ടുവര്‍ഷത്തേക്കുള്ള വിലക്കാണ്.
25.03.2019ന് നിക്‌സി എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ലിസ്റ്റ് താഴെ പറയുന്നു:

1. ഡെലോയിറ്റ് ട്യൂഷ്യേ തൊമാത്സു ഇന്ത്യ
2. ഏണ്‍സ്റ്റ് ആന്റ് യങ്
3. കെപിഎംജി
4. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
5. വിപ്രോ ലിമിറ്റഡ്
കണ്‍സള്‍ട്ടന്‍സിക്ക് വിലക്ക് ഉണ്ടെങ്കില്‍ നിക്‌സി അതു പറയില്ലേ? നിക്‌സി ഇങ്ങനെ പാനല്‍ തയ്യാറാക്കുമോ? വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിച്ചും പൊതുമണ്ഡല
ത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാകുമോ എന്ന ശ്രമമല്ലേ പ്രതിപക്ഷ നേതാവിന്റേത്?
അദ്ദേഹം ഉന്നയിച്ച മറ്റൊരു വിഷയം ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തേക്ക് ഹെസ്സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് ഇ-വെഹിക്കിള്‍ പോളിസി സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി സത്വരമായ നടപടികള്‍ സ്വീകരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട.
2018 മെയ് 15ന് സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇ.വി. റോഡ്മാപ്പ് തയ്യാറാക്കാന്‍ ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. 2018 ജൂണ്‍ 18ന് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേര്‍ന്ന് കരട് വൈദ്യുത വാഹന നയം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2018 ജൂണ്‍ 27ന്റെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജൂലൈ 9ന് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.
2018 നവംബര്‍ 30, ഡിസംബര്‍ 21 എന്നീ തീയതികളിലെ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കുറിപ്പുകള്‍ പ്രകാരമാണ് ഹെസ് കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചത് സര്‍ക്കാരിന്റെ മുന്നില്‍ പരിഗണനയ്ക്കായി എത്തുന്നത്. അവരുടെ സംഘം കെഎസ്ആര്‍ടിസി, കേരള ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വ്യവസായ, ഗതാഗത വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തില്‍ ബസ് ബോഡി നിര്‍മാണത്തിനായുള്ള ഒരു ജോയിന്റ് വെന്‍ച്വര്‍ യൂണിറ്റ് സ്ഥാപിച്ച് അസംബ്ലിങ് നടത്തുന്നതിനും താല്‍പര്യം ഹെസ്സ് അറിയിച്ചു. താല്‍പര്യമുള്ള മറ്റു കമ്പനികള്‍ ഉണ്ടോ എന്നറിയാന്‍ കെഎഎല്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റൊരു കമ്പനിയും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ഹെസ്സുമായി മുന്നോട്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചു. ഇതിനായി കരട് ധാരണാപത്രം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
ഈ ഫയലിന്റെ ഭാഗമായി 2018 നവംബര്‍ 30ന് സമര്‍പ്പിച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ‘ചീഫ് സെക്രട്ടറി കാണുക’ എന്ന് അഭിപ്രായപ്പെട്ടത്. 2018 ഡിസംബര്‍ 21ന് സമര്‍പ്പിക്കപ്പെട്ട ഫയലില്‍ ഹെസ്സുമായുള്ള ധാരണാ
പത്രം നിയമവകുപ്പ് കാണണമെന്നും ധനകാര്യവകുപ്പിന്റെ അഭിപ്രായം തേടണമെന്നും നടപടി ത്വരിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി കുറിപ്പ് എഴുതിയത്. നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയത് എന്നു സാരം.
അതു പ്രകാരമാണ് ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഫയല്‍ പരിശോധിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. എംഒയു ഒപ്പിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശമന്ത്രാലയ
ത്തിന്റെ അനുമതി കൂടി ആവശ്യമാണ്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥ തലത്തില്‍ ഇതിന് അനുമതി തേടുകയും വിദേശമന്ത്രാലയം 2019 ജൂലൈ 22ന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം എങ്ങനെയാണ് തെറ്റാവുന്നത്? ആരോടും അഭിപ്രായം തേടാതെ മുഖ്യമന്ത്രി അംഗീകരിക്കുന്നതാണോ ശരി? മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ച് വിവിധ വകുപ്പുകള്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്?
എംഒയു ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇപ്പോഴും പരിശോധനയിലാണുള്ളത്. എന്നാല്‍, വൈദ്യുത വാഹന നയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതിലാരും സംശയിക്കേണ്ടതില്ല. ബഹളംവെച്ച് ഒരു നിക്ഷേപക കമ്പനിയെ കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോയി വേറെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുബുദ്ധികളുണ്ടെങ്കില്‍ അവരുടെ അജണ്ടയ്ക്കു പിന്നാലെ പോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല.
നമ്മുടെ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ഒരു കമ്പനി താല്‍പര്യമെടുത്തു വന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് നിലപാട്. ഈ നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരെ തേടി കെഎഎല്‍ താല്‍പര്യ
പത്രം വിളിച്ചകാര്യം നേരത്തേ പറഞ്ഞല്ലൊ.നടത്താന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ അംഗീകാരങ്ങള്‍ നേടി
യാല്‍ അത് നടത്താന്‍ അനുവദിക്കുക എന്നുള്ളതാണ് നിക്ഷേപ സൗഹൃദ നയം. കഴമ്പില്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങളെ ഇവിടുന്ന് ഓടിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ സ്വിസ് സന്ദര്‍ശനത്തിന്റെ ഭാഗമായാണോ സ്വിസ് കമ്പനി കേരളത്തിലേക്കു വരുന്നത്?
ഞങ്ങള്‍ യൂറോപ്പ് യാത്ര നടത്തിയത് 2019 മെയ് എട്ടു മുതലാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിലേക്ക് വരുന്നത് അതിനു മുമ്പത്തെ വര്‍ഷം, 2018 നവംബറിലാണ്.