ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസിന് നല്‍കിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ‘കോവിഡ് ബാധിതരുടെ സമ്പര്‍ക്കം ഉള്‍പ്പെടെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടതോടെ പോലീസിന് പിടിപ്പത് പണിയായി’ എന്നാണ്. അവര്‍ തന്നെ വീണ്ടും ‘നിലവിലെ കോവിഡ് പ്രതിരോധത്തിന് പോലും പോലീസ് ഇല്ലാതിരിക്കെയാണ് പുതിയ നിര്‍ദേശം’ എന്നും പറയുന്നു. അതേ മാധ്യമസ്ഥാപനം തന്നെ ‘കൊവിഡ് പ്രതിരോധത്തിന്റെ അധികചുമതല ഏല്‍പിച്ചതില്‍ പോലീസിലും പ്രതിഷേധം പുകയുന്നു. ജോലിഭാരം ഇരട്ടിയാകുന്നതും രോഗവ്യാപന സാധ്യത വര്‍ധിക്കുന്നതുമാണ് പോലീസുകാരുടെ ആശങ്ക’ എന്ന നിരീക്ഷണവും നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. കോവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലേ ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള ദൗത്യമല്ല ഇപ്പോള്‍ നിര്‍വഹിക്കാനുള്ളത്.

രോഗികളുടെ എണ്ണം കൂടി, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂടി, പ്രൈമറി കോണ്ടാക്റ്റുകളുടെ എണ്ണം കൂടി, കോണ്ടാക്റ്റ് ട്രെയ്‌സിങ് കൂടുതല്‍ വിപുലമായി മാറി, സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചതോടെ ആ രംഗത്ത് പുതുതായി ശ്രദ്ധിക്കേണ്ടി വന്നു, മൊബൈല്‍ യൂണിറ്റുകള്‍ കൂടുതലായി, ടെസ്റ്റിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. അങ്ങനെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ധിച്ചു. വീടുകളില്‍ ചികിത്സക്കുള്ള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം കൂടും.

ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കാനും സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാലോ?