സിബിഎസ്ഇ പരീക്ഷ വേണ്ടെന്നു വച്ചു, പക്ഷേ കേരളത്തില്‍ സുഗമമായി നടത്തി, എതിര്‍പ്പുകള്‍ അതിജീവിച്ച്: പിണറായി

തിരുവനന്തപുരം: 10, 12 ക്ലാസുകളിലേക്ക് ഇനി നടത്താനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് അവസാനവാരത്തില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്തുവാന്‍ ഇവിടെ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിനാണ്. ഇപ്പോള്‍ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കി. ജൂണ്‍ 30ന് എസ്എസ്എല്‍സി റിസള്‍ട്ട് പ്രസിദ്ധീകരിക്കും. ജൂലൈ 10ന് മുമ്പ് പ്ലസ്ടു റിസള്‍ട്ടും പ്രസിദ്ധീകരിക്കും. ഇതോടൊപ്പം ജൂണ്‍ ഒന്നിനു തന്നെ ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും നമ്മുടെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്.

പാലക്കാട്ട് ടെസ്റ്റ് യൂണിറ്റ്

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പാലക്കാടുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരു ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒപിയും ഇന്‍ പേഷ്യന്റ് കേന്ദ്രവും ആരംഭിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ദിവസം 300 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.

പാലക്കാട് ജില്ലാ ആശുപത്രിയുടെ പരിമിതികള്‍ കണക്കിലെടുത്താണ് അതിര്‍ത്തി ജില്ല എന്ന നിലയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

കേരള ഡയലോഗ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ എന്ന സംവാദ പരിപാടി നാളെ ആരംഭിക്കും. ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഈ തുടര്‍ പരിപാടിയില്‍ പങ്കാളികളാകുക.

നാളെ കേരള ഡയലോഗിന്റെ ആദ്യ ദിവസം ‘കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അമര്‍ത്യ സെന്‍, നോം ചോസ്‌കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരള മാതൃക മുന്‍നിര്‍ത്തി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നല്‍കാന്‍ കേരള ഡയലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

സഹായം

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഷൊര്‍ണൂര്‍ പ്രഭാതം ചാരിറ്റബിള്‍ ട്രസ്റ്റ് 157 കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ 84 ടിവി വിതരണം ചെയ്തു.

ദുരിതാശ്വാസം

റിട്ടയേഡ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള, ആദ്യ ഗഡു 52,43,132 രൂപ.

മുനമ്പം വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണ സമിതി 19,52,000 രൂപ.

എറണാകുളം എടവനക്കാട് കിഴക്കേവീട്ടില്‍ കാദിര്‍ ഹാജി കുടുംബട്രസ്റ്റ് 7,07,601 രൂപ.

കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കളമശ്ശേരി ഈസ്റ്റ് കമ്മറ്റി 2,69,000 രൂപ.

പന്ന്യന്നൂര്‍, ചെങ്കൊടിമുക്ക് സഖാക്കള്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 1 ലക്ഷം രൂപ.

എഐവൈഎഫ് കാരമുക്ക് മേഖല കമ്മിറ്റി 70,000 രൂപ.

കല്ല്യാശേരിയിലെ മാങ്ങാട് മഹല്ല് കൂട്ടായ്മ 51,120 രൂപ.