മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറെ മാറ്റി, പിന്നാലെ അവധി അപേക്ഷയും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ഇടപാടുകാരി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറെ മാറ്റി.

എന്നാല്‍, ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല. എന്നാല്‍, ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രി തന്നെ ശിവശങ്കറെ മാറ്റി. ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് തേടിയത്.
യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.