കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം കയറെടുക്കുകല്ല, പാലുകറക്കാന്‍ ഓടുകയാണെന്ന് പിണറായി

തിരുവനന്തപുരം: കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാന്‍ തന്നെ ഓടുകയാണ് ചെയ്യുന്നതെന്ന് കഴക്കൂട്ടം ടെക്‌നോസിറ്റിയിലെ കളിമണ്‍ ഖനനം സംബന്ധിച്ച് പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു.
ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാംവര്‍ഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ കഴിയുമോ എന്നു നോക്കാനുമാണ്. പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കുറച്ചുദിവസം അതുതന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാവാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ഇതിനുമുമ്പ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും അതില്‍നിന്നുള്ള നിരുപാധിക പിന്മാറ്റവും കഴിഞ്ഞദിവസം തന്നെ നാം കണ്ടല്ലൊ.

ഒടുവില്‍ അദ്ദേഹം ഉന്നയിച്ചത് സംസ്ഥാനത്ത് ഇമൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് ക്രമരഹിതമായിട്ടാണ് എന്നാണ്.

ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോള്‍ സ്വാഭാവികമായും ഗവണ്‍മെന്റിന് അത് അവഗണിക്കാന്‍ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോള്‍ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നില്‍ക്കുന്നത്.

കോവിഡ് ബാധ അനുദിനം വര്‍ധിക്കുകയാണ്. അതിന്റെ ഭീഷണിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമല്ല എന്നു മാത്രം ഈ ഘട്ടത്തില്‍ പറഞ്ഞുവെക്കട്ടെ. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

ഇമൊബിലിറ്റി സര്‍ക്കാരിന്റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.

നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ വര്‍ധിച്ചതോതില്‍ വേണമെന്നത് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും അതിനായി പഠനങ്ങള്‍ നടത്തുന്നതും.

പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് (നിക്‌സി) എംപാനല്‍ ചെയ്തിട്ടുള്ളതാണ്.

കേരള സര്‍ക്കാര്‍ 2019 ആഗസ്ത് 13ലെ ഉത്തരവു പ്രകാരം നിക്‌സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇമൊബിലിറ്റിക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്. അവ ഏതാണെന്നു പറയാം.

1. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (ദക്ഷിണ മേഖല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം).

2. കെപിഎംജി അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം).

3. ഏണസ്റ്റ് ആന്റ് യങ് ഗ്ലോബല്‍ (ഉത്തരമേഖല കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്) എന്നിവയാണ്.

പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പിഡബ്ല്യുസി എന്നു കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കട്ടെ.

2020 ഫെബ്രുവരി 20ന്റെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോര്‍ട്ടുകളുടെ കണ്‍സള്‍ട്ടാന്റായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ വൈദ്യുത വാഹന ഉല്‍പാദന ഇക്കോ സിസ്റ്റത്തിന്റെ ലോജിസ്റ്റിക് പോര്‍ട്ടുകളുടെയും കണ്‍സള്‍ട്ടന്റായും തീരുമാനിച്ചു. ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇമൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, പ്ലാനിങ്, ധനകാര്യ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലില്‍ അന്തിമ തീരുമാനമുണ്ടായത്.

സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തത് എന്ന ആക്ഷേപവും തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായ നിക്‌സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് ആന്റ് കമ്പനി, ബംഗളൂരു എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.

ആ സ്ഥാപനമാണ് ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. കരാറിലെ പ്രശ്‌നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവര്‍ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കണ്‍സള്‍ട്ടന്റ് സ്ഥാപനം. രണ്ടും രണ്ട് ലീഗല്‍ എന്റ്റിറ്റിയാണ്. ഓഡിറ്റും കണ്‍സള്‍ട്ടന്‍സിയും രണ്ട് വ്യത്യസ്ത പ്രവര്‍ത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് നയം. ഇതിന്റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ നയവും ഇലക്ട്രിക് വെഹിക്കള്‍ മാനുഫാച്വറിങ് ഇക്കോസിസ്റ്റവും.

അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കാനായി 2019 ആഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെ ഉന്നതതല യോഗം ചേര്‍ന്നു. ഫയലില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യആസൂത്രണ വകുപ്പുകള്‍ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകള്‍ക്കും ശേഷമാണ്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യ വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സര്‍ക്കാര്‍ സമീപനം സുതാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയാന്‍ പോകുന്നില്ല. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൈക്കൊള്ളും.