കേന്ദ്ര സാമ്പത്തിക പാക്കേജ് പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെയ് 12ന് പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അഞ്ച് ഘട്ടങ്ങളിലായി കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു.
ഈ വര്‍ഷം കേന്ദ്രബജറ്റില്‍ നിന്ന് ഈ പാക്കേജിന് വേണ്ടിവരുന്ന അധികച്ചെലവ് ഒന്നര ലക്ഷം കോടി രൂപ മാത്രമായിരിക്കുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍പ്പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവില്‍ നിന്നെത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ചു ശതമാനം വരില്ല. ഒരു ലക്ഷം കോടിയില്‍ താഴെ രൂപ. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണിത്.
ആര്‍ബിഐയുടെ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമായ തുകയും ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് 20 ലക്ഷം കോടി രൂപയിലെ സിംഹഭാഗവും. ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയ പണത്തില്‍ 8.5 ലക്ഷം കോടി രൂപ ഈ മാസം ആദ്യം ബാങ്കുകള്‍ തന്നെ 3.5 ശതമാനം താഴ്ന്ന പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍ത്തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇന്നത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു എന്നുള്ളതാണ് വസ്തുത. കേരള സംസ്ഥാന സര്‍ക്കാര്‍ പോലും 6000 കോടി വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 9 ശതമാനമാണ് ബാങ്കുകള്‍ ഈടാക്കിയ പലിശ.
നമ്മുടെ രാജ്യത്ത് ഇനിമേല്‍ ഡിഫന്‍സ് എയ്‌റോസ്‌പേസ്, ബഹിരാകാശം, ധാതുഖനനം, റെയില്‍വേ, അറ്റോമിക എനര്‍ജി, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഒരു മേഖലയില്‍ നാലു പൊതുമേഖലാ കമ്പനികളെ മാത്രം അനുവദിക്കൂ എന്നാണ് കേന്ദ്രം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണിത്. പൊതുജനാരോഗ്യത്തിന് പാക്കേജില്‍ ഊന്നലില്ല. കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സര്‍ക്കാര്‍ തുടരുക.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം വളരെയേറെ പ്രതിസന്ധി നേരിടുന്ന ഒന്നാണ് സൂക്ഷ്മ-ചെറുകിട ഇടത്തരം (എംഎസ്എംഇ) മേഖല. 2018-19 സാമ്പത്തിക വര്‍ഷം കേരളം ഉല്‍പ്പാദന മേഖലയില്‍ 11.2 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതിന്റെ പ്രധാന പങ്ക് എംഎസ്എംഇ മേഖലയ്ക്കാണ്. അതിനാല്‍, ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കും.
കേന്ദ്ര പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ എംഎസ്എംഇ മേഖലയ്ക്കായി ‘വ്യവസായ ഭദ്രത’ എന്ന പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പ്രഖ്യാപനങ്ങളുമായി സംയോജിപ്പിച്ച് നടപ്പാക്കും. നമ്മുടെ പരമ്പരാഗത മേഖലയായ കശുവണ്ടി മേഖലയില്‍ ഉള്‍പ്പെടെ എംഎസ്എംഇ സ്ഥാപനങ്ങള്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയ്ക്കു കൂടി സഹായകമാകുന്ന സ്ട്രസ്ഡ് അക്കൗണ്ടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി വിനിയോഗം ചെയ്യും. വികസനത്തിന് പ്രാപ്തിയുള്ള എംഎസ്എംഇകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മദര്‍ ഫണ്ട്, ഡോട്ടര്‍ ഫണ്ട് എന്നീ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ പണലഭ്യത ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തില്‍ അത് പ്രയോജനപ്പെടുത്താന്‍ പദ്ധതി ആവിഷ്‌കരിക്കും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി 2020-21ലെ കേന്ദ്ര ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള 61,000 കോടി രൂപയില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനവ് വരുത്തിയത് കേരളം പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തും.
നബാര്‍ഡ് വഴി കേരളാ ബാങ്കിനും കേരള ഗ്രാമീണ്‍ ബാങ്കിനും ലഭ്യമാകുന്ന അധിക റീഫിനാന്‍സ് ഫണ്ടായ 2500 കോടി രൂപ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സ്വയംസഹായ സംഘങ്ങളുമായും ചേര്‍ന്ന് വിനിയോഗിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
*സംസ്ഥാനത്തിനുള്ള ആശങ്കകള്‍*
ഭക്ഷ്യ മേഖലയിലെ മൈക്രോ സ്ഥാപനങ്ങള്‍ക്കുള്ള 10,000 കോടി രൂപയുടെ ധനസഹായ പദ്ധതിയില്‍ ബീഹാര്‍, കാശ്മീര്‍, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കേരളം ഇല്ല. നമുക്ക് പ്രത്യേക ഇനങ്ങളില്‍ ഭക്ഷ്യമേഖലയില്‍ മൈക്രോ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശേഷിയുണ്ട്. കേരളത്തെ ഇതില്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളയുന്ന ഭേദഗതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന സംശയം നിലനില്‍ക്കുകയാണ്. പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാനുള്ള നടപടികളെ ഇത് ദുര്‍ബ്ബലപ്പെടുത്തും.
തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് പരമപ്രധാനമാണെന്ന വീക്ഷണത്തോട് യോജിക്കാന്‍ കഴിയുന്നില്ല. കോവിഡ് 19 നുശേഷം ആരോഗ്യമേഖലയിലടക്കം സര്‍ക്കാരിന്റെ ഇടപെടലുകള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് വായ്പാ പരിധി. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി മാറ്റിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതുപോലുള്ള ഒരു പരിധി ഉയര്‍ത്തലല്ല പ്രഖ്യാപനത്തിലുള്ളത്. മൂന്നില്‍ നിന്നും മൂന്നര ശതമാനം വരെ ഒരു നിബന്ധനകളുമില്ലാതെയാണ് വായ്പാ പരിധി ഉയര്‍ത്തിയിട്ടുള്ളത്. മൂന്നര മുതല്‍ നാലര ശതമാനം വരെയുള്ള പരിധിയുയര്‍ത്തല്‍ (ഒരു ശതമാനം) നിബന്ധനകള്‍ക്ക് വിധേയമാണ്.
പൊതുവിതരണ സമ്പ്രദായം, ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്, ഊര്‍ജം, നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഒരു ശതമാനം വായ്പാ പരിധി വര്‍ദ്ധന ലഭ്യമാകുക. (ഓരോ മേഖലയിലെ പരിഷ്‌ക്കരണത്തിനും .25 ശതമാനം വര്‍ദ്ധന). നാലരയില്‍ നിന്നും അഞ്ച് ശതമാനം വരെയുള്ള വര്‍ധന മേല്‍പ്പറഞ്ഞ നാല് പരിഷ്‌ക്കാരങ്ങളില്‍ മൂന്നെണ്ണം വിജയകരമായി നടപ്പിലാക്കിയാലാണ് ലഭ്യമാവുക.
കേരളത്തിന് 0.5 ശതമാനം വായ്പ നിബന്ധനകള്‍ കൂടാതെ ലഭിക്കും. ഇതുവഴി ഇപ്പോഴത്തെ വായ്പാ പരിധിയില്‍ (27,100 കോടി രൂപ) 4500 കോടി രൂപയുടെ വര്‍ധനയുണ്ടാകും. ബാക്കി നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ലഭ്യമാകുകയുള്ളു. നിബന്ധനകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
മേല്‍പ്പറഞ്ഞ നിബന്ധനകളില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ കാര്യത്തില്‍ സംസ്ഥാനം സുപ്രധാന ചുവടുവെപ്പുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. സാധ്യമായ അനുമതികള്‍ അപേക്ഷ സമര്‍പ്പിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
*ഫെഡറലിസവും നിബന്ധനകളും*
സംസ്ഥാനങ്ങളുടെ ആഭ്യന്ത വരുമാനം കോവിഡ് 19നു ശേഷം വലിയ ഇടിവാണ് നേരിടുന്നത്. അതിനാല്‍ തന്നെ വായ്പാ പരിധി ഉയര്‍ത്തിയാലും പരിമിതമായ പ്രയോജനം മാത്രമേ ലഭിക്കുകയുള്ളു. സംസ്ഥാനങ്ങള്‍ കമ്പോളത്തില്‍ നിന്നും വായ്പയെടുത്ത് പരിശ സഹിതം തിരിച്ചടയ്ക്കുന്ന തുകയ്ക്ക് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് ചേര്‍ന്നതല്ല. പ്രത്യേകിച്ചും ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍. കേന്ദ്രം ആഭ്യന്തര വരുമാനത്തിന്റെ അഞ്ചര ശതമാനം കടമെടുക്കാന്‍ തീരുമാനിച്ചു. സംസ്ഥാനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ കഴിയൂ എന്നത് തുല്യനീതിയല്ല. വിശേഷിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കേണ്ട സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര ധനമന്ത്രിതന്നെ സമ്മതിച്ച സാഹചര്യത്തില്‍.