കയറിയിറങ്ങി ഇന്ധന വില

കൊച്ചി : ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് തുടര്‍ച്ചയായി വിലയിടിവുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തും എണ്ണക്കമ്പനികള്‍ വില കുറച്ചു. തുടര്‍ച്ചയായി 16 ദിവസത്തെ വര്‍ദ്ധനവിന് ശേഷം പെട്രോളിനും ഡീസലിനും ശരാശരി ഒരു പൈസയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരെ സ്ഥായിയായി തുടര്‍ന്നിരുന്ന ഇന്ധനവില തിരഞ്ഞെടുപ്പിന് ശേഷം മുപ്പത് പൈസ വീതം വരെ പല പ്രാവശ്യങ്ങളിലായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു പൈസയുടെ കുറവെങ്കിലും രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.

കൊച്ചി സിറ്റിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.36 രൂപയാണ്. ഡീസലിനാകട്ടെ ഒരു ലിറ്ററിന് 74.01 രൂപയും. ഇന്നലെയിത് യഥാക്രമം 81.37 രൂപയും 74.02 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ശരാശരി ഒരു പൈസയുടെയും ഡീസലിന് മൂന്നു പൈസയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്. 82.57 രൂപയാണ് തിരുവനന്തപുരം കവടിയാറില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ ശരാശരി വില. ഡീസലിനു ലിറ്ററിന് ശരാശരി 75.14 രൂപയും.