സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില ആളിക്കത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 75.13 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് സാധാരണഗതിയിൽ കൊച്ചിയിൽ വില അൽപം കുറവുണ്ട്. മെട്രോനഗരത്തിൽ പെട്രോൾ ലിറ്ററിന് 73.82 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോൾ വ്യാപാരം നടക്കുന്നത്.

അതേസമയം കൊച്ചിയിൽ ഡീസൽ ലിറ്ററിന് 65.93 രൂപ എന്ന നിരക്കിലും തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 67.21 എന്ന വിലനിരക്കിലുമാണ് ഇന്ധന വ്യാപാരം പുരോഗമിക്കുന്നത്. 2017 ജൂലൈയിൽ 66.94 രൂപയുണ്ടായിരുന്ന പെട്രോൾ വില ഇന്ന് 75.13 രൂപയിലെത്തിനിൽക്കുകയാണ്. അതേസമയം ഡീസൽ ലിറ്ററിന് അതേകാലയളവിൽ 58.28 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 67. 21 രൂപയിലെത്തി നിൽക്കുകയാണ്. 2017 ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതമാണ് വര്‍ധിക്കുന്നത്.

ജൂണ്‍ 16-നാണ് ഇന്ധനവില ദിവസവും മാറുന്ന രീതി സര്‍ക്കാര്‍ നടപ്പിൽ വരുത്തിയത്. അന്ന് പെട്രോൾ ലിറ്ററിന് 68.53 രൂപയും ഡീസൽ ലിറ്ററിന് 58.70 രൂപയുമായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിൽ വ്യതിയാനമുണ്ടാകുന്നതിനാലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്.