പെട്രോളിനും ഡീസലിനും 3 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ബജറ്റില്‍ പ്രെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ധന ബില്ലില്‍ ഇത് അഞ്ചുരൂപ വീതം വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്യുകയായിരുന്നു.

പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് ധനബില്ലില്‍ നിര്‍ദേശിക്കുന്നത്. ധനബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വര്‍ധന നിര്‍ദേശങ്ങള്‍ നടപ്പിലാകും.

ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ 7 രൂപയില്‍ നിന്ന് 10 രൂപയായും ഡീസലിന്റേത് ഒരു രൂപയില്‍ നിന്ന് നാലു രൂപയായും വര്‍ധിക്കും. ബജറ്റിലെ രണ്ടുരൂപ നികുതി വര്‍ധനവിന് പുറമെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് മൂന്നു രൂപയുടെ വര്‍ധനവ് ഉണ്ടാവും.

വര്‍ധനവോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ മുപ്പതിനായിരം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് റവന്യൂ സെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.