ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ കൺവെൻഷൻ സെന്‍ററിന് അനുമതി

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കൺവെൻഷൻ സെന്‍ററിന് അനുമതി. കണ്‍വെന്‍ഷന്‍ സെന്‍ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാം എന്നാണ് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനോവിഷമത്തിലാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌.

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജൻ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എല്‍ഡിഎഫ് ഭരിക്കുന്ന ആന്തൂര്‍ നഗരസഭ രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.