ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ശബരിമല ദര്‍ശനം നടത്താം: പത്തനംതിട്ട കലക്ടര്‍

നിലയ്ക്കൽ∙ നല്ല ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ശബരിമല ദര്‍ശനം നടത്താമെന്നു പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ്. വരുന്നതനുസരിച്ചു ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കും. എല്ലാ സ്ത്രീകള്‍ക്കു പ്രവേശിക്കാം എന്നാണു സുപ്രീംകോടതിയുടെ വിധി. അതു നടപ്പാക്കാന്‍ ചുമതലയുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിനു പോകാന്‍ സുരക്ഷ ആവശ്യപ്പെട്ടു യുവതികളാരും ഇന്ന് ഇതേവരെ സമീപിച്ചിട്ടില്ല. ആരെങ്കിലും എത്തിയാല്‍ അപ്പോള്‍ ആവശ്യമായ തീരുമാനങ്ങളെടുക്കും.പമ്പയിലും നിലയ്ക്കലിലും നിലവിൽ പ്രതിഷേധമൊന്നുമില്ല. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണ്.

യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോൾ വ്യാജമാണെന്നു മനസ്സിലായെന്നും കലക്ടർ മാധ്യമങ്ങളോടു പറഞ്ഞു.