കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സാപ്പിഴവുമൂലം രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലെ പിഴവുമൂലം രോഗി മരിച്ചെന്ന് പരാതി. ചേമഞ്ചേരി സ്വദേശി ബിജുവാണ് മരിച്ചത്. പിത്താശയക്കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് വഴി വെച്ചതെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഈ മാസം ഒന്‍പതിനാണ് ബിജുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പതിമൂന്നിന് പിത്താശയത്തിലെ കല്ല് നീക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം ബിജു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഇത് സ്വഭാവികമെന്നായിരുന്നു മറുപടി. കൃത്യമായ പരിശോധനയില്ലെന്ന് കണ്ടതോടെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ശസ്ത്രക്രിയയിലെ പിഴവാണ് അണുബാധയുണ്ടാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.