ബസ് യാത്രയ്ക്കിടെ മരണം: ജീവനക്കാര്‍ വഴിയിലിറക്കിയ മൃതദേഹത്തിന് മണിക്കൂറുകള്‍ കാവലിരുന്ന് കൂട്ടുകാരന്‍

ചെന്നൈ : രോഗം മൂര്‍ച്ഛിച്ചു യാത്രക്കാരന്‍ ബസില്‍ മരിച്ചപ്പോള്‍ മൃതദേഹം വഴിയിലിറക്കി ജീവനക്കാരുടെ ക്രൂരത. സഹായം തേടി സുഹൃത്ത് വഴിയില്‍ കാത്തിരുന്നതു മൂന്നു മണിക്കൂര്‍. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു തമിഴ്‌നാട്ടിലെ ഹൊസൂരിനു സമീപം സൂളഗിരിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതും ആംബുലന്‍സിനുള്ള 9000 രൂപ നല്‍കിയതും.

ബെംഗളൂരു – ഹൊസൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ബസിലെ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരാണു മനുഷ്യത്വരഹിതമായി പെരുമാറിയത്. ബെംഗളൂരുവില്‍ തൊഴിലാളിയായ തിരുവണ്ണാമലൈ സ്വദേശി രാധാകൃഷ്ണന്‍ (43) രോഗബാധിതനായി നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. സുഹൃത്ത് വീരനാണ് ഒപ്പമുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞു ബസ് നിര്‍ത്തിയ ജീവനക്കാര്‍ മൃതദേഹം ഉടന്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ആംബുലന്‍സ് വിളിക്കാനോ മറ്റു സഹായങ്ങള്‍ നല്‍കാനോ തയാറായതുമില്ല. ഇരുവരും 150 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ പരിഹസിച്ചു.

മനുഷ്യനു യാത്രചെയ്യാനാണു ടിക്കറ്റ് നല്‍കിയതെന്നും മൃതദേഹത്തിനല്ലെന്നുമായിരുന്നു മറുപടി. മറ്റു യാത്രക്കാര്‍ ഇടപെട്ടതോടെ ഒരു ടിക്കറ്റിന്റെ പണം തിരികെ നല്‍കി. പുറത്തിറങ്ങിയ വീരന്‍ മൃതദേഹം റോഡരികില്‍ കിടത്തി ഫോണില്‍ ആരോടോ സഹായം അഭ്യര്‍ഥിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.