പാരീസില്‍ വീണ്ടും ഐ.എസ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പാരിസ്‌: ശനിയാഴ്ച പാരീസിനെ നടുക്കി വീണ്ടും ഭീകരാക്രമണം. പ്രദേശിക സമയം 9.30ഓടെ സെന്‍ട്രല്‍ പാരീസിലെ ഒപേറ ഡിസ്ട്രിക്ടിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഠാരയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറിയ ഒരാളാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.

വഴിയാത്രക്കാരെയാണ് അക്രമി ലക്ഷ്യം വച്ചത്. ബാറുകളിലേക്കും ഭക്ഷണശാലകളിലേക്കും കടക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഭീകരനെ ജീവനോടെ പിടിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വെടിവച്ചു കൊന്നു.

‘രാജ്യത്ത് വീണ്ടും രക്തം ചിന്തി, ആക്രമണം ആസൂത്രണം ചെയ്തവരെ വെറുതെവിടില്ല.’- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു. ഭീകരവിരുദ്ധ യൂണിറ്റ് ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.