പലസ്തീന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ പരാഗ്വേ ജറുസലേമില്‍ എംബസി തുറന്നു

ജറുസലേം: പരാഗ്വേയും ജറുസലേമില്‍ എംബസി തുറന്നു. പലസ്തീന്‍ക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് പരാഗ്വേ ജറുസലേമില്‍ എംബസി തുറന്നിരിക്കുന്നത്. ടെല്‍ അവീവിലെ എംബസിയാണ് ഇപ്പോള്‍ ജറുസലേമിലേക്ക് മാറ്റിയിരിക്കുന്നത്. അമേരിക്കയുടെയും ഗ്വാട്ടിമാലയുടെയും എംബസികള്‍ ഇവിടെ തുറക്കാനുള്ള ശ്രമം നേരത്തെ വിവാദത്തിലായിരുന്നു. ഇതിനുപുറകെയാണ് ഗ്വാട്ടിമാലയും സമാനമായ നീക്കം ഉണ്ടായത്.

ജറുസലേം ഓഫീസ് പാര്‍ക്കിലെ പുതിയ എംബസിയുടെ ഉദ്ഘാടനം പരാഗ്വന്‍ പ്രസിഡന്റ് ഹോരാഷ്യോ കാര്‍ടസാണ് നിര്‍വ്വഹിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പങ്കെടുത്തു. ചരിത്രസംഭവം എന്നാണ് ഉദ്ഘാടനത്തെ കാര്‍ടസ് വിശേഷിപ്പിച്ചത്. എംബസി തുറക്കലിലൂടെ പരാഗ്വേയ്ക്ക് ഇസ്രയേലിനോടുള്ള ആത്മാര്‍ഥമായ സൗഹൃദവും പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി, സുരക്ഷ, സാങ്കേതികത എന്നീ വിഷയങ്ങളില്‍ ഇരു രാജ്യവും തമ്മിലുള്ള സഹകരണം മഹത്തരമാണെന്ന് നെതന്യാഹു പറഞ്ഞു.

ഇസ്രയേല്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചത് ഡിസംബറിലാണ്. ഈ പ്രഖ്യാപനത്തിനുപുറകെ മെയ് 14ന് ടെല്‍ അവീവിലുള്ള യുഎസ് എംബസി അമേരിക്ക ജറുസലേമിലേക്ക് മാറ്റി. തൊട്ടുപുറകെ ഗ്വാട്ടിമാലയും എംബസി മാറ്റിസ്ഥാപിച്ചു. ഇതിനെതിരെ പലസ്തീനികള്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധറാലിക്കുനേരെ ഇസ്രയേല്‍സേന വെടിവച്ചു. വെടിവയ്പ്പില്‍ 62 പേരാണ് കൊല്ലപ്പട്ടത്.