യു.എസ് എംബസി ഉത്ഘാടനം ചോരപ്പുഴയില്‍ മുക്കി; പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം

ജറുസലേം: ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ചു. ഇസ്രായേല്‍ സ്ഥാപനത്തിന്റെ 70-ാം വാര്‍ഷികമായിരുന്ന ഇന്നലെയാണ് എംബസി മാറ്റി സ്ഥാപിച്ചത്.

എംബസി മാറ്റുന്നത് സംബന്ധിച്ച് ജെറുസലേമുമായി പാലസ്തീന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍കാര്‍ നടത്തിയ പ്രതിഷേധത്തിനു നേര്‍ക്ക് ഇസ്രയേലി സേന നടത്തിയ വെടിവെയ്പ്പില്‍ കുറഞ്ഞത് 52 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയടക്കം പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടുന്നു. 2400 പേര്‍ക്ക് പരിക്കേറ്റതില്‍ 116 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

കിഴക്കന്‍ ജറുസലേമിനെ തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമായിട്ടാണ് പലസ്തീന്‍ കാണുന്നത്. എംബസി ഉത്ഘാടനത്തിനു മുന്നോടിയായി ഗാസയില്‍ പലസ്തീന്‍ പ്രതിഷേധക്കാരും ഇസ്രേലി സേനയും തമ്മില്‍ ഉണ്ടായ കടുത്ത സംഘര്‍ഷത്തില്‍ കല്ലുകളും കത്തിച്ച ടയറുകളും പ്രതിഷേധക്കാര്‍ പട്ടാളത്തിനു നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് വെടിവെയ്പ്പും അതിര്‍ത്തി പൊളിക്കാനുള്ള ശ്രമവും ഉണ്ടായപ്പോള്‍ തങ്ങള്‍ വെടിയുതിര്‍ത്തുവെന്നും ബോംബ് സ്ഥാപിക്കാന്‍ ശ്രമിച്ച മൂന്നു പേരെ വെടിവെച്ചു കൊന്നുവെന്നും ഇസ്രയേലി സേന പറഞ്ഞു. കൂടാതെ ഹമാസിന്റെ ചില കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.

ഇസ്രായേല്‍ സ്ഥാപനത്തിന്റെ 70-ാം വാര്‍ഷികമായിരുന്ന ഇന്നലെയുണ്ടായ കൂട്ടക്കുരുതി 2014ലെ ഗാസാ യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ രക്തചെരിച്ചിലാണ്.