പാലാരിവട്ടം മേല്‍പ്പാലം: ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പരിശോധന

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. കോണ്‍ക്രീറ്റ് വിദഗ്ധനായ മഹേഷ് ടണ്ടണ്‍, ചെന്നൈ, കാണ്‍പൂര്‍ ഐ ഐ ടികളില്‍ നിന്നുള്ള വിദഗ്ധ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്.

പാലം അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാന്‍ പറ്റുമോ, പൂര്‍ണമായും പൊളിച്ചുമാറ്റണോ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ദ്ധ സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിന് ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ന്നുള്ള നടപടികളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.

പാലത്തിൽ സ്പാനിന്റെ താഴ്ഭാഗത്ത് ഫില്ലറുകളിലും ഫില്ലറുകളുമായി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ തകരാറുകള്‍ സംഭവിച്ചിരിക്കുന്നത്. പാലത്തിന് അടിയിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് സംഘം പാലത്തിന്റെ മുകള്‍ ഭാഗത്ത് പരിശോധന നടത്തുന്നത്.

പാലം നിര്‍മാണത്തില്‍ സിമന്റ് വേണ്ടത്ര അളവില്‍ ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലം പരിശോധനയ്ക്ക് കോണ്‍ക്രീറ്റ് സ്‌പെഷലിസ്റ്റ് വേണമെന്ന ആവശ്യം ഇ. ശ്രീധരന്‍ ഉന്നയിച്ചിരുന്നു. തുടർന്നാണ് കോൺക്രീറ്റ് മിക്സിംഗിൽ വിദഗ്ധനായ മഹേഷ് ടണ്ടണനേയും പരിശോധനക്കായി എത്തിച്ചത്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. പി. അളഗ സുന്ദരമൂര്‍ത്തിയും ഇ. ശ്രീധരനൊപ്പമുള്ള വിദഗ്ധ സംഘത്തിലുണ്ട്. പാലം നിര്‍മാണ കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്ട്സിൽ നിന്നും വിജിലന്‍സ് അന്വേഷണ സംഘം പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.