പാലാ ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന്

തിരുവനന്തപുരം: പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 23 ന് നടക്കും. 27 നാണ് വോട്ടെണ്ണല്‍. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലാ നിയോജക മണ്ഡലത്തിൽ എം.എൽ.എ ഇല്ലാതായിട്ട് ഒക്ടോബറിൽ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്തംബർ മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വട്ടിയൂര്‍കാവ്, അരൂര്‍, എറണാകുളം, കോന്നി, മഞ്ചേശ്വരം, ഉള്‍പ്പെടെ ആറിടത്തേക്ക് ഉപതെരഞ്ഞെടുപ്പ് ഒരുമിച്ച് ഉണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റിൽ വിജ്ഞാപനം ചെയ്യും. ഇന്ന് മുതല്‍ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏഴാം തിയതിയാണ്.

കേരളത്തിലുൾപ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.