ന്യൂഡല്‍ഹി: പാകിസ്താന് തടവിലായിരിക്കുന്ന കുല്ഭൂഷണ് ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദശകാര്യ മന്ത്രി ജയശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പൂര്‍ണമായ വിജയമാണ് അന്താരാഷ്ട്ര കോടതിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയെ അടിസ്ഥാനമാക്കി വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തി.
ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചത്. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ജാദവിന്റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വിയന്ന കരാര്‍ പാകിസ്താന് ലംഘിച്ചുവെന്ന ഇന്ത്യയുടെ നിലപാട് രാജ്യാന്തര കോടതി അംഗീകരിച്ചുവെന്ന് ജയശങ്കര്‍ പറഞ്ഞു. നയതന്ത്ര സഹായത്തിന് ജാദവ് അര്‍ഹനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എത്രയും പെട്ടന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്താന് തയ്യാറാകണം.
കോടതി വിധി അതിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്താന് തയ്യാറാകണമെന്നും പ്രസ്താവയില്‍ ആവശ്യപ്പെട്ടു.