ആപ്പിള്‍ വാച്ച് ധരിച്ച് പാകിസ്ഥാന്‍ താരങ്ങള്‍; കളിക്കിടയില്‍ വേണ്ടെന്ന് ഐസിസി

ലോഡ്‌സ്: ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ജയിച്ചെങ്കിലും അതിനേക്കാളേറെ ചര്‍ച്ചയാകുന്നത് പാക് താരങ്ങള്‍ ധരിച്ച ആപ്പിള്‍ വാച്ചാണ്. ടെസ്റ്റിന്റെ ആദ്യദിനം പാക് താരങ്ങള്‍ ആപ്പിള്‍ വാച്ച് ധരിച്ചാണ് കളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഐ.സി.സി. യുടെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെത്തി അവരോട് വാച്ച് അഴിച്ചുവെച്ച ശേഷം കളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്മാര്‍ട്ട് വാച്ചുകള്‍ ഗ്രൗണ്ടില്‍ വിലക്കിയിട്ടില്ലെങ്കിലും അതിലെ എല്ലാ ഫീച്ചറുകളും പ്രവര്‍ത്തനരഹിതമാക്കണമെന്നുണ്ട്. ആശയവിനിമയ സാധ്യതയുള്ള ഒരുപകരണവും കളിക്കിടയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ഐ.സി.സിയുടെ നിയമമുണ്ട്.

പാകിസ്ഥാന്റെ രണ്ട് താരങ്ങളാണ് വാച്ചുപയോഗിച്ചത്. അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെത്തി വാച്ച് ഊരിവയ്ക്കണമെന്ന് പറഞ്ഞെന്നും അത് അനുസരിച്ചെന്നും പാകിസ്ഥാന്‍ ബേസ് ബൗളര്‍ ഹസ്സന്‍ അലി വ്യക്തമാക്കി. ആപ്പിള്‍ വാച്ചുകള്‍ ഫോണുമായി ബന്ധിപ്പിച്ചവയാണെന്നും ഫോണിന്റെ എല്ലാ ഉപയോഗങ്ങളും ആപ്പിള്‍ വാച്ചിലൂടെ സാധ്യമാകുമെന്നതിനാലുമാണ് വാച്ചുപേക്ഷിക്കാന്‍ പറഞ്ഞതെന്നും ഐ.സി.സി വിശദീകരിച്ചു.