കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: സുജ്വാനില്‍ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് ഭീകരര്‍ ക്യാംപിലുളളതായാണ് സൂചന. ഏറ്റുമുട്ടല്‍ തുടരുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സുഞ്ച് വാന്‍ സൈനിക ക്യാംപില്‍ പുലര്‍ച്ചെ 4.55നാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം സൈനികവേഷത്തില്‍ ക്യാംപില്‍ കടന്ന ഭീകരര്‍ രാവിലെയോടെ ആക്രമണം നടത്തുകയായിരുന്നു.

സൈന്യത്തിന്റെ പ്രത്യാക്രമണം രൂക്ഷമായതോടെ സൈനികര്‍ താമസിക്കുന്ന കോളനിയിലേക്ക് കടന്ന് ഭീകരര്‍ ആക്രമണം തുടര്‍ന്നു. ഒരു ഹവില്‍ദാറിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ ഡി.ജി.പിയോട്, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ക്യാംപിനു അഞ്ഞൂറു മീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സംഘത്തില്‍പ്പെട്ട രണ്ടു ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.