ഒടുവിൽ മൃതദേഹം എടുക്കാൻ അതിർത്തിയിൽ പാക് സൈന്യം വെള്ളക്കൊടി വീശി

ശ്രീനഗര്‍: പാക് അധീന കശ്മീരിലെ ഹാജി പോര സെക്ടറിനോട് ചേർന്ന അതിർത്തിയിൽ പാക് സൈനികർ സമാധാനത്തിന്റെ വെള്ളക്കൊടി വീശാൻ നിർബന്ധിതരായി. മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യൻ സൈനികർ കനത്ത മറുപടിയാണ് നൽകിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങള്‍ അവർ കൊണ്ടുപോയത് വെള്ളക്കൊടി വീശിക്കാണിച്ച ശേഷം. പാക് അധീന കശ്മീരിലെ ഹാജിപുര്‍ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാൻ വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെയാണ് പാകിസ്താൻ അറ്റകൈ പ്രയോഗം നടത്തിയത്.

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പാകിസ്താന്‍ വീണ്ടും വെടിയുതിര്‍ത്തെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഈ വെടിവെപ്പിലും ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. ഇതോടെ പാക് സൈനികര്‍ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി അവസാനിപ്പിക്കുകയും പാക് സൈനികര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു.