നാച്ചുറല്‍ കളേഴ്‌സില്‍ വിസ്മയം തീര്‍ക്കുന്ന ബസന്ത് പെരിങ്ങോട്…മോഹന്‍ലാലിന്റെ പ്രിയപ്പെട്ട കലാകാരന്‍

പവിത്ര ജെ ദ്രൗപതി

നടന്‍ മോഹന്‍ലാലിന് ശില്‍പ്പങ്ങളോടും പെയിന്റിങ്ങുകളോടുമുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുറച്ച് ദിവസം മുമ്പ് മോഹന്‍ലാല്‍
തന്റെ ആര്‍ട്ട് ഗ്യാലറിയിലെ പുതിയ അംഗത്തെ തന്റെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയുരുന്നു..ഒരു ട്രോജന്‍ കുതിര..ഗോവയില്‍ നിന്നും അദ്ദേഹം വാങ്ങിയ തടിയില്‍ തീര്‍ത്ത വെറും ഒരു സാധാരണ കുതിരയെ ഈ കാണുന്ന രൂപത്തിലേക്ക് മാറ്റിയത് ബസന്ത് പെരിങ്ങോട് എന്ന ഈ കലാകാരനാണ്. അറിയപ്പെടുന്ന മ്യൂറല്‍ പെയിന്റ് കലാകാരനാണ് ബസന്ത് പെരിങ്ങോട്. ട്രോജന്‍ കുതിരയ്ക്ക് പുറമെ മോഹന്‍ലാലിനായി അദ്ദേഹത്തിന്റെ വീട്ടില്‍ ‘സൂര്യായനം’, കടുവയുടെ ചിത്രം അങ്ങനെ പലതും അദ്ദേഹം ചെയ്തിട്ടുണ്ട്.

ബസന്ത് പെരിങ്ങോടിനെ അറിയാം….

സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ബസന്ത് നിറങ്ങളുടെ കൂട്ടുകാരനായിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളും കലാ മേളകളും തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ബസന്ത് കണ്ടു. ബ്രഷും നിറങ്ങളും ക്യാന്‍വാസും അത്രയേറെ പ്രിയപ്പെട്ടതായതുകൊണ്ട് തന്നെ സ്‌കൂള്‍ കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യം ഈ കലാകാരന് മുന്നില്‍ ഉ.ര്‍ന്നില്ല. വരയ്ക്കുക, നിറങ്ങളെ അടുത്തറിയുക അത്രമാത്രമായിരുന്നു മനസിലെന്ന് ബസന്തും പറയുന്നു. ഗുരുവായൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിങ്ങിന്റെ ആദ്യ ബാച്ചില്‍ മ്യൂറല്‍ പെയിന്റിങ് പഠിച്ചിറങ്ങിയ ബസന്ത് പ്രകൃതിദത്തമായ നിറങ്ങള്‍ കൊണ്ട് ചിത്രം വരയ്ക്കുന്നതില്‍ അഗ്രഗണ്യനാണ്. പഠിച്ചിറങ്ങിയ അദ്ദേഹം സിനിമാ മേഖലയില്‍ സജീവമാണ്. കളിയാട്ടത്തില്‍ സ്വതന്ത്ര കലാ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബസന്ത് പെരിങ്ങോട് സംവിധായകന്‍ ജയരാജിന്റെ മിക്ക സിനിമകളിലും കലാ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ദേശാടനം ചിത്രത്തില്‍ അസിസ്റ്റന്റ് ആര്‍ട്ട്് ഡയറക്ടറായി സിനിമാലോകത്തെത്തിയ ബസന്ത് ഏറ്റവുമൊടുവില്‍ വീരമെന്ന ചിത്രത്തിന്റെ കലാസംവിധായകനായി നമുക്ക് മുന്നിലെത്തി. സിനിമയിലാണ് തെളിഞ്ഞതെങ്കിലും മ്യൂറല്‍ പെയിന്റിങ് തെയാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന്് ബസന്ത് പറയുന്നു. കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ കുറച്ചുകാലം ഗസ്റ്റ് ലക്ചറര്‍ ആയി ചിത്രകല പഠിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

നിറക്കൂട്ട്…

ആര്‍ട്ടിഫിഷ്യല്‍ നിറങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതിദത്ത നിറങ്ങള്‍ മാത്രമുപയോഗിച്ച് ചിത്രങ്ങള്‍ ചെയ്യുതാണ് ബസന്ത് പെരിങ്ങോടിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പല നിരത്തിലുള്ള കല്ലുകളും ഇലച്ചാറുകളും മരങ്ങളുടെ കറയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ചുമപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെളുപ്പ് എന്നീ പഞ്ചവര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചുമപ്പ്, മഞ്ഞ എീ നിറങ്ങള്‍ ഈ നിറത്തിലുള്ള കല്ലുകള്‍ വാങ്ങി പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് വെയിലത്ത് ഉണക്കിയാണ് ഉണ്ടാക്കിയെടുക്കുന്നത്. പണ്ട് കാലത്ത് കണ്‍മഷി ഉണ്ടാക്കിയെടുക്കുന്നത് പോലെ വിളക്ക് കത്തിച്ച് അത് ചട്ടി കൊണ്ട് മൂടിവെച്ച് അതില്‍ നിന്നാണ് കറുപ്പ് നിറം ഉണ്ടാക്കുന്നത്. നീല നിറം ആവശ്യമുള്ളപ്പോള്‍ തുരിശ് ഉപയോഗിക്കും. നീല അമരിയുടെ ഇലയുടെ ചാറ് പിഴിഞ്ഞെടുത്താണ് പച്ച നിറം ഉണ്ടാക്കുന്നത്. നിറങ്ങളെ ക്യാന്‍വാസുമായി ചേര്‍ത്തുനിര്‍ത്താന്‍ പശ പോലെ ആര്യവേപ്പിന്റെ കറയാണ് ഉപയോഗിക്കുന്നതെന്നും ബസന്ത് പറയുന്നു.

മോഹന്‍ലാലിലേക്ക് എത്തിയ വഴികള്‍….

2000 മുതല്‍ പെയിന്റിങ്ങ് രംഗത്തുള്ള ബസന്ത് മോഹന്‍ലാലിലേക്ക് എത്തിയത് അന്തരിച്ച കലാകാരനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായ വിജയന്‍ പെരിങ്ങോട് വഴിയാണ്. ആദ്യമായി ചെയ്യുന്നത് ചെന്നെയിലെ വീട്ടിലാണ്..സൂര്യായനം..സൂര്യഭഗവാന്റെ ഒരു മ്യൂറല്‍ ചിത്രമാണ് അത്. ചെന്നെയിലെ മോഹന്‍ലാലിന്റെ വീട്ടിലെത്തുന്നവര്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ചുവര്‍ചിത്രമാണ് സൂര്യായനം. ആറ് മാസത്തോളം സമയമെടുത്താണ് ബസന്ത് പെരിങ്ങോട് ഇത് പൂര്‍ത്തിയാക്കിയത്. ഇരുപത് അടി നീളത്തിലുള്ള ചിത്രം ചെയ്യാനായി ചുവരില്‍ കുറേ പണികള്‍ ചെയ്യേണ്ടി വന്നെന്നും ബസന്ത് പറയുന്നു. സൂര്യായനത്തിന് പുറമെ കൊച്ചി തേവരയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കടുവയുടെ മ്യൂറല്‍ ചിത്രവും ബസന്ത് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ മോഹന്‍ലാലിന്റെ ആര്‍ട്ട് ഗ്യാലറിയിലേക്ക് തടിയില്‍ തീര്‍ത്ത കൃഷ്ണന്റെ പ്രതിമയും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

സിനിമയാണെങ്കിലും അതല്ല പെയിന്റിങ്ങ് ആണെങ്കിലും ക്രിയേറ്റീവായി ചെയ്യണം…കലയുമായി അടുത്ത് നില്‍ക്കണം..ഇത്രമാത്രമാണ് ബസന്തിന്റെ മുന്നില്‍..മനസിലെ ചിത്രങ്ങളും നിറങ്ങളും അതുപോലെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന ബസന്ത് പെരിങ്ങോട് ഇന്നും നിറങ്ങളുമായി യാത്ര തുടരുകയാണ്….