പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച് സുപ്രിംകോടതി വിധി തിങ്കളാഴ്ച

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസില്‍ സുപ്രിംകോടതി തിങ്കളാഴ്ച വിധിപറയും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറയുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ചും വിധി ഉണ്ടാകുമെന്നാണ് വിവരം. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനുശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പടിവിച്ച വിധി. ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം ആവശ്യപ്പെട്ടത്.പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്.